കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. വര്‍ഗീയതയോടും സംഘപരിവാര്‍ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസ് പരിപാടില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന അതേ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍, ഇപ്പോള്‍ ആര്‍എസ്എസ് പോഷക സംഘടനയുടെ കൊടിക്കുകീഴില്‍ പ്രത്യക്ഷപ്പെടുന്നത് ഒട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെയും പാര്‍ട്ടിയുടെ മതേതര നിലപാടുകളെയും തള്ളിപ്പറയുന്നതിനും ഒറ്റുകൊടുക്കുന്നതിനും തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി ശക്തമായ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ജനപ്രതിനിധികളോട് വിശദീകരണം ചോദിക്കാനും കെപിസിസി തയ്യാറാകണമെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ അനുകൂല സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവും ജനപ്രതിനിധിയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം പരിപാടികളില്‍ ഭാഗമാകുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂല സാഹചര്യം ഒരുക്കാനാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. കൊച്ചി കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മനാഫും കൊച്ചി മേയര്‍ വി കെ മിനിമോളും എംഎല്‍എ ഷിയാസിനൊപ്പം ശോഭായാത്രയില്‍ പങ്കെടുത്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
രാഹുൽ ഗാന്ധിയെ ഒറ്റുകൊടുക്കരുത്; ആർ.എസ്.എസ് വേദികളിൽ നിന്നും വിട്ടുനിൽക്കുക എന്നത് മതേതര ജനാധിപത്യത്തിന്റെ കടമയാണ്! വർഗീയതയോടും സംഘപരിവാർ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആർ.എസ്.എസിന്റെ പോഷക സംഘടനകളുടെ പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക എന്നത് ഏതൊരു മതേതര ജനാധിപത്യ വിശ്വാസിയുടെയും രാഷ്ട്രീയ ബോധ്യത്തിന്റെ ഭാഗമാണ്. അത് ഏത് ആഘോഷത്തിന്റെ പേരിലാണെങ്കിലും ശരി, അത്തരം വേദികൾ ബഹിഷ്കരിക്കപ്പെടേണ്ടവ തന്നെയാണ്.
ഇന്ത്യൻ പാർലമെന്റിൽ ആർ.എസ്.എസ് അനുകൂല നിലപാടുകളോടും അവരുടെ അജണ്ടകളോടും വിയോജിപ്പ് രേഖപ്പെടുത്തി, സാധാരണ ചായ സൽക്കാരങ്ങളിൽ നിന്നുപോലും വിട്ടുനിൽക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. സംഘപരിവാറിന്റെ രാഷ്ട്രീയത്തോട് ഒരല്പം പോലും ഒത്തുതീർപ്പിന് തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് അദ്ദേഹം അതിലൂടെ രാജ്യത്തിന് നൽകുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന അതേ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധികൾ, ഇപ്പോൾ ആർ.എസ്.എസ് പോഷക സംഘടനയുടെ കൊടിക്കു കീഴിൽ പ്രത്യക്ഷപ്പെടുന്നത് ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല. ഇത് രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെയും പാർട്ടിയുടെ മതേതര നിലപാടുകളെയും തള്ളിപ്പറയുന്നതിനും ഒറ്റുകൊടുക്കുന്നതിനും തുല്യമാണ്. എന്ത് ന്യായീകരണത്തിന്റെ പേരിലായാലും
ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ അടിയന്തരമായി ശക്തമായ പാർട്ടി തല അന്വേഷണം പ്രഖ്യാപിക്കാനും, കുറ്റക്കാരായ ജനപ്രതിനിധികളോട് ഈ വീഴ്ചയ്ക്ക് കൃത്യമായ വിശദീകരണം ചോദിക്കാനും കെപിസിസി തയ്യാറാകണം.
Content Highlights: Muhammad Shiyas MLA participated in the Balagokulam Shobha Yatra, drawing criticism from a Youth Congress leader and sparking political discussion.