വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്തനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും കാന്തപുരം പറയുന്നുണ്ട്

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണമെന്ന് പോസ്റ്റില്‍ കാന്തപുരം പറയുന്നു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കാണ് പിന്നില്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും കാന്തപുരം പറയുന്നുണ്ട്. പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

'സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം', പോസ്റ്റില്‍ പറയുന്നു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. പരാമര്‍ശത്തില്‍ നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ കാന്തപുരം നിലപാട് വിശദീകരിക്കുമെന്ന് വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാടില്‍ മയപ്പെടുത്തിയിരുന്നു.

സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അനാഥരായ പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും കാന്തപുരം തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

Content Highlights: Kanthapuram A P Aboobacker Musliyar has shared a clarification post amid controversy over his recent remarks concerning women.

To advertise here,contact us