തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവില്‍ പറഞ്ഞ കാര്യമാണ് താന്‍ പ്രസംഗിച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കി. ജനങ്ങള്‍ക്കാണ് തോല്‍വി പറ്റിയതെന്ന് പറയുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ച് വിവാദം ഉണ്ടാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയേണ്ടത് താന്‍ വൃത്തിയായി പറഞ്ഞെന്നും പറഞ്ഞത് പൂര്‍ണ്ണമായും കേന്ദ്രകമ്മിറ്റി റിവ്യൂവില്‍ പരാമര്‍ശിച്ച കാര്യങ്ങളാണെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അണികള്‍ക്കാണ് വീഴ്ച പറ്റിയതെന്ന പിണറായി വിജയന്റെ വാദം പരോക്ഷമായി തള്ളിക്കളയുന്നതാണ് ഐസകിൻ്റെ നിലപാട്.
പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നായിരുന്നു തോമസ് ഐസക് ഇന്നലെ നടത്തിയ പ്രസ്താവന. പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാന്‍ എന്ന ഭാവമായിരുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ എന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജംഗ്ഷന് സമീപം സിപിഐഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിക്ക് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ജനങ്ങളുടെ മുന്നില്‍ വിനയത്തില്‍ നില്‍ക്കണം. ജനങ്ങള്‍ പറയുന്നതെല്ലാം ശരിയാകണമെന്നില്ല. പക്ഷെ അവര്‍ പറയുന്നത് കേള്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷോക്ക് ട്രീറ്റ്മെന്റ് ആണ് ജനം നല്‍കിയത്. വലിയ തിരിച്ചടിയാണ് ഉണ്ടായത്. തോറ്റത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
Content Highlights: CPI(M) leader Thomas Isaac has reiterated his view that the party leadership was responsible for shortcomings that contributed to the election defeat