തിരുവനന്തപുരം: പിണറായി പണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നില്‍ മിനി പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നുവെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തന്റെ വീടിന് മുന്നില്‍ ഒരുകാലത്തും പൊലീസ് സ്റ്റേഷന് ആരംഭിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസ് വന്നുപോയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്തകളും പ്രതികരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
'എന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന പൊതുലക്ഷ്യമാണ് പ്രചരണത്തിന് പിന്നില്‍. പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പൊലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്', പിണറായി വിജയന് വിശദീകരിച്ചു.
'എന്റെ വീടിന്റെ മുന്നില്‍ പൊലീസ് സ്റ്റേഷന് ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്. എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഈ വാര്‍ത്ത നല്കിയ ഇന്നത്തെ മലയാള മനോരമയില്‍ പ്രാധാന്യത്തോടെ തലക്കെട്ടായി ചേര്‍ത്തത് 'പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്' എന്നാണ്. അതിനോടൊപ്പം ഈ നിര്‍മ്മിത വാര്‍ത്തയ്ക്ക് സാധൂകരണം നല്‍കാനായി ഡോ. ആസാദിന്റെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', പിണറായി വിജയന് വ്യക്തമാക്കി.
Content Highlights: Pinarayi Vijayan rejected a report claiming that a police station had been started in front of his residence. He clarified that no such police station was ever established at the location.