ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്, ആരോഗ്യമില്ലെങ്കില്‍ നിങ്ങളെ സൈഡാക്കും: ഡോ. എം കെ മുനീര്‍

അസുഖം വരാതെ നോക്കുക എന്നതാണ് പുതിയ തലമുറയോട് പറയാനുള്ളതെന്നും എം കെ മുനീർ പറഞ്ഞു

കോഴിക്കോട്: ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. ആരോഗ്യമില്ലെന്നറിഞ്ഞാല്‍ നിങ്ങളെ സൈഡാക്കുമെന്നും മുനീർ പറഞ്ഞു. പണ്ട് ആരോഗ്യമില്ലെങ്കില്‍ എമ്പതിയുണ്ടായിരുന്നു. അയാളെ സഹായിക്കണം എന്നൊരു ചിന്തയുണ്ടാകും. പിന്നെയത് സിംപതിയായി മാറി, അയാള്‍ക്ക് അങ്ങനെ സംഭവിച്ചല്ലോയെന്ന്. പക്ഷേ ഇന്ന് സുഖമില്ല എന്നറിഞ്ഞാല്‍ സൈഡാക്കി കളയാമെന്ന ചിന്തയാണ്. അസുഖം വരാതെ നോക്കുക എന്നതാണ് പുതിയ തലമുറയോട് തനിക്ക് പറയാനുള്ളത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബറിൽ എം കെ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം അദ്ദേഹം ചികിത്സിയിലായിരുന്നു. ഈ സമയത്ത് രാഷ്ട്രീയം മറന്ന് വിവിധ പാര്‍ട്ടി നേതാക്കന്മാരും സാധാരണക്കാരും തന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും പ്രാര്‍ത്ഥനയോടെ കൂടെ നില്‍ക്കുകയും ചെയ്തുവെന്ന് എം കെ മുനീര്‍ പറഞ്ഞിരുന്നു.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ അന്ന് തന്നെ കാണാന്‍ വന്നിരുന്നുവെന്ന് എം കെ മുനീര്‍ വെളിപ്പെടുത്തിയിരുന്നു. ഐസിയുവിലായിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടോ മൂന്നോ തവണ തൻ്റെ കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കി. പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഉള്‍പ്പെടെ തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി അന്വേഷിച്ചു. അവരൊക്കെ രാഷ്ടട്രീയം പറയാറുണ്ടെങ്കിലും അതിനപ്പുറം ഒരു മനുഷ്യനായി തന്നെ പരിഗണിച്ചുവെന്നതാണ് വലിയ പാഠം. അതിന് ശേഷം രാഷ്ട്രീയം പറയാമെങ്കിലും ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന തരത്തിലേക്ക് പോകാന്‍ പാടില്ലെന്ന രാഷ്ട്രീയ സത്യം താന്‍ മനസിലാക്കിയെന്ന് എം കെ മുനീര്‍ നേരത്തെ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlights: Dr M K Muneer says maintaining good health is one of the biggest priorities for the younger generation. He also recalled how political differences were set aside when he was hospitalised, calling it an important lesson in humanity and politics

To advertise here,contact us