വിചാരണയില്‍ ഹാജരായില്ല; പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

വധശ്രമക്കേസില്‍ ഖാദര്‍ കരിപ്പൊടി നിലവില്‍ ഒളിവിലാണ്

കാസര്‍കോട്: പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. വിചാരണയില്‍ ഹാജരാകാത്തതിലാണ് കോടതി നടപടി. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വധശ്രമക്കേസില്‍ ഖാദര്‍ കരിപ്പൊടി നിലവില്‍ ഒളിവിലാണ്.

2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72 (1), പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസില്‍ ഖാദറിന് ജാമ്യം ലഭിച്ചിരുന്നു. വധശ്രമക്കേസില്‍ ഒളിവിലായതിനാല്‍ പോക്‌സോ കേസിന്റെ വിചാരണയില്‍ ഖാദര്‍ കരിപ്പൊടി ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസെടുത്തത്. ഗള്‍ഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുല്‍ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദര്‍ കരിപ്പൊടിയും റാഷിദ്, അഷ്‌റഫ് എന്നിവരും ചേര്‍ന്ന് മര്‍ദ്ദിച്ചതായായിരുന്നു കേസ്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.

Content Highlights- A court has cancelled YouTuber Khader Karipodi's bail in a POCSO case after he failed to appear during the trial. The court's action followed his nonappearance in the proceedings.

To advertise here,contact us