സിപിഐഎം തിരുത്താന്‍ തീരുമാനിച്ചിട്ടില്ല, പിണറായിയുടെ സ്വരം ഭീഷണിയുടേത്; മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍

മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നായിരുന്നു കരുതിയതെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂര്‍: പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത് സമാന സമീപനമാണ്. ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു വി കുഞ്ഞികൃഷ്ണന്റെ മറുപടി.

മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നായിരുന്നു കരുതിയത് പക്ഷെ അത്തരം വിഷയങ്ങള്‍ ഒന്നും സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ജനങ്ങളെ തെറ്റ് ധരിപ്പിച്ചാണ് പയ്യന്നൂരില്‍ വിജയിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ ഇത്ര അധികം ജനങ്ങളെ തെറ്റ് ധരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ പിന്നെ എന്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് സിപിഐഎം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. ഇപ്പോഴും ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനമെന്നും തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പതികരിച്ചു.

പാര്‍ട്ടിയുടെ ഭാഗമായി നിന്ന് പാര്‍ട്ടിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമമാണ് പയ്യന്നൂരില്‍ ഉണ്ടായതെന്നായിരുന്നു ഇന്നലെ പിണറായി വിജയന്‍ പ്രസംഗിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്യാന്‍ പാടില്ലാത്തത് എല്ലാം കുഞ്ഞികൃഷ്ണന്‍ ചെയ്യുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ആളുകള്‍ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഐഎം നടപടിയെടുക്കും. അതാണ് സിപിഐഎം. പാര്‍ട്ടിക്കെതിരെ നീങ്ങിയാല്‍ ആരെന്ന് നോക്കില്ല. അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പിണറായി ഓര്‍മിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ് വി കുഞ്ഞികൃഷ്ണന്‍ ചെയ്തതെന്നും അതിനാണ് ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Payyannur MLA V Kunjikrishnan has criticised Pinarayi Vijayan’s remarks at a recent political explanation meeting, describing his tone as intimidating. Kunjikrishnan claimed the party’s central leadership had recognised shortcomings in candidate selection in Payyannur and Taliparamba and questioned the leadership’s approach to addressing them. He also criticised the chief minister for not addressing issues such as the monthly-payment controversy in his speech.

To advertise here,contact us