കണ്ടന്റ് ക്രിയേറ്റര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം

മലപ്പുറം: കണ്ടന്റ് ക്രിയേറ്ററും വ്‌ളോഗറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് സ്വാലിഹിന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ സ്വാലിഹിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മലപ്പുറം വളാഞ്ചേരി സ്വദേശിയായിരുന്നു സ്വാലിഹ്. ശാരീരിക വെല്ലുവിളികള്‍ നേരിട്ടിരുന്ന സ്വാലിഹിന്റെ വീഡിയോകള്‍ നിരവധിയാളുകളാണ് കണ്ടിരുന്നത്. കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.

മുനവറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സ്വാലിഹ് വളാഞ്ചേരി വിടവാങ്ങി

ഇന്ന് രാവിലെയും അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും വല്ലാതെ പ്രയാസപ്പെടുന്നുണ്ടെന്നും വേദനയോടെയാണ് സ്വാലിഹ് പറഞ്ഞത്. മണിക്കൂറുകള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല.

എപ്പോഴും എന്നെ വിളിക്കുകയും വീട്ടിലെത്തി സൗഹൃദം പുതുക്കുകയും ചെയ്തിരുന്ന പ്രിയപ്പെട്ട സുഹൃത്തായിരുന്നു സ്വാലിഹ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്നപ്പോഴും അതൊന്നും കാര്യമാക്കാതെ കൃത്യമായ നിസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും സമയം കണ്ടെത്തിയിരുന്ന, നന്മകളെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രിയപ്പെട്ടവന്‍. ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും പരിഭവമില്ലാതെ സ്വാലിഹ് യാത്രയായി. നാഥന്‍ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ക്ഷമയും സമാധാനവും പ്രദാനം ചെയ്യട്ടെ.

Content Highlights- Content creator Swalih Valanchery has passed away. He was known for his presence as a social media content creator

To advertise here,contact us