കോട്ടയം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി എഐവൈഎഫ്. പ്രതിപക്ഷ നേതാവ് ഒരു കത്ത് കൊടുത്താല്‍ വിഷയം തീരും എന്ന ധാരണ വേണ്ട. അതൊരു ഏകാധിപത്യ ശൈലിയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ടി ടി ജിസ്മോന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ജനാധിപത്യപരമായാണ് മുന്നോട്ട് പോകേണ്ടതെന്നും തെരഞ്ഞെടുപ്പ് അതാണ് ബോധ്യപ്പെടുത്തുന്നതെന്നും ജിസ്മോന് ചൂണ്ടിക്കാട്ടി.
ഏകാധിപത്യപരമായി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത പലകാര്യങ്ങളുമുണ്ട്. ഇടതുപക്ഷം ഇനിയും നവീകരിക്കപ്പെടണം. തെറ്റുകള്‍ തിരുത്തപ്പെടണം. സിപിഐ ഉന്നയിക്കുന്നത് അമിതമായ അവകാശവാദമല്ല. പ്രധാനപ്പെട്ട എല്ലാ പദവികളും സിപിഐഎം ആണ് വഹിക്കുന്നത്. വി എസ് അച്യുതാനന്ദന് ഇരുന്ന കാലത്ത് കൊടിയേരി ബാലകൃഷ്ണനെ സിപിഐഎം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു എന്നും ജിസ്മോന് പറഞ്ഞു. ഒരു എല്‍ഡിഎഫ് യോഗത്തിലും സിപിഐഎമ്മിനാണ് പദവിയെന്ന തീരുമാനം ഉണ്ടാകില്ല. ഇത്തരം തീരുമാനങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ല. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും ടി ടി ജിസ്മോന് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും താനാണ് കത്ത് നല്‍കേണ്ടതെന്നും സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു പിണറായി വിജയന് നേരത്തെ പറഞ്ഞത്.
വിഷയത്തില്‍ എം വിജിന്റെ പ്രതികരണത്തിലും രൂക്ഷഭാഷയില്‍ ജിസ്മോന് മറുപടി നല്‍കുന്നുണ്ട്. സിപിഐ ഉന്നയിച്ചത് വളരെ ന്യായമായ ആവശ്യമാണെന്നും ഇതില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് അസ്വസ്ഥത തോന്നേണ്ട കാര്യമില്ലെന്നും ജിസ്മോന് വിമര്‍ശിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ് സിപിഐ ഉന്നയിച്ചത്. സിപിഐ ഉന്നയിച്ച ആവശ്യം ജനാധിപത്യപരമായി മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും സമ്മര്‍ദ്ദമെന്ന് പറയുകയും ചെയ്യുന്നത് ശരിയല്ലെന്നും ജിസ്മോന് ചൂണ്ടിക്കാട്ടി.
'തിരിച്ചടിയാണ് ഇടതുപക്ഷ മുന്നണി നേരിടുന്നത്. കൂട്ടുത്തരവാദിത്തമാണ് അതിന് പിന്നിലുള്ളത്. അവിടെ സിപിഐയുടെ വോട്ടെണ്ണല്‍ നടക്കുകയല്ല ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ ഞങ്ങളും ത്യാഗം സഹിച്ചിട്ടുണ്ട്. സി എന്‍ മോഹനന് നടത്തിയ മോശം പരാമര്‍ശത്തിനുള്ള മറുപടിക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മറുപടി പറയുന്ന സാഹചര്യമാണ്. സി എന്‍ മോഹനന്റെയും,വിജിന്റെയും അഭിപ്രായം ഇടതുപക്ഷ മുന്നണിയുടെ അഭിപ്രായമായി കാണുന്നില്ല', ടി ടി ജിസ്മോന് റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, നേട്ടം മാത്രമല്ല നഷ്ടവും പങ്കിടണമെന്ന ഓര്മ്മപ്പെടുത്തലുമായായിരുന്നു എം വിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആപത്തില്‍ സഹായിക്കാത്ത സുഹൃത്ത് സുഹൃത്തല്ലെന്നും മല്ലനും മാദേവനും കഥ ഓര്‍മ്മപ്പെടുത്തി വിജിന് പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
എല്ലാക്കാലത്തും പ്രതിപക്ഷ ഉപനേതാവ് പദവി വഹിച്ചത് സിപിഐഎം ആണെന്നും പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നുമായിരുന്നു വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എന്‍ മോഹനന് പ്രതികരിച്ചത്. മുന്നണി മര്യാദ പാലിച്ചില്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുമെന്നും സി എന്‍ മോഹനന് സിപിഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഐക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെന്ന പരോക്ഷ വിമര്‍ശനവും സി എന്‍ മോഹനന് മുന്നോട്ടുവെച്ചിരുന്നു. സിപിഐക്ക് 5000 വോട്ടില്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ കാര്യമായിട്ടില്ല. എവിടെയൊക്കെയാണ് ഉള്ളതെന്ന് പറയട്ടെ എന്നായിരുന്നു സി എന്‍ മോഹനന്റെ പ്രതികരണം. സി എന്‍ മോഹനന്റെ പരാമര്‍ശം അപക്വവും അനുചിതവുമാണെന്നാണ് വിഷയത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ പ്രതികരിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് മോഹനന്റെ പ്രസ്താവന. 5000 വോട്ട് പരാമര്‍ശം പൊതുരാഷ്ട്രീയം വീക്ഷിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയുമെന്നും അരുണ്‍ പറഞ്ഞിരുന്നു.
Content Highlights: AIYF has strongly criticised Pinarayi Vijayan over the controversy surrounding the post of Opposition Deputy Leader in the Kerala Assembly.