തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസിലുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്ത പൊലീസുകാരുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാന്മാരാണ് ആഘോഷത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. ആ പൊലീസ് ഉദ്യോഗസ്ഥന് മ്യൂസിയം സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന ജോലിയായിരുന്നു. ആ വിദ്വാന് പറഞ്ഞിട്ടാണ് പഴയ കൗണ്‍സിലര്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തത്. വിഷയം ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷ', കെ മുരളീധരന് പറഞ്ഞു.
വീണക്കെതിരായ സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി കെ മുരളീധരന്. ഇ ഡി രാഷ്ട്രീയമായി കേന്ദ്രത്തിന്റെ ഇടപെടല്‍ നടത്തുന്ന സ്ഥാപനമെന്നും കെ മുരളീധരന് പറഞ്ഞു. ഇ ഡിയുടെ കാര്യത്തില്‍ എല്ലാ കാലത്തും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ മുരളീധരന് വ്യക്തമാക്കി. ഇ ഡിയുടെ ഒരു നിലപാടിനെയും കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. വീണയുടെ ഇ ഡി കേസില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Minister K Muraleedharan has responded to the controversy over accused in the ED attack case celebrating Onam at Thiruvananthapuram Museum Police Station.