ഗുരുവായൂരിൽ ഇന്ന് വിവാഹമാമാങ്കം; റെക്കോർഡ് കുറിച്ച് ഇന്ന് നടക്കുക 437 വിവാഹങ്ങൾ

പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്.

ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തിയതോടെയാണ് ​ഗുരുവായൂരിലെ റെക്കോർഡ് വിവാഹങ്ങൾക്ക് തുടക്കമായത്. പുലർച്ചെ 4.10ഓടെ ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ വിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.

ടോക്കൺ അനുസരിച്ചാണ് വിവാഹങ്ങൾ ​ഗുരുവായൂരിൽ പുരോമിക്കുന്നത്. ഊഴത്തിന് അനുസരിച്ച് ആളുകളെ വിളിക്കുകയും എത്രയും വേ​ഗം വി​വാഹ ചടങ്ങുകൾ പൂർത്തിയാക്കുന്ന രീതിയിലാണ് ചടങ്ങൾ പുരോ​ഗമിക്കുന്നത്. ആദ്യത്തെ രണ്ട് മണിക്കൂറിൽ 137 വിവാഹങ്ങൾ കഴിഞ്ഞു. വിവാഹത്തിനായി എത്തിച്ചേരുന്നവരുടെയും ക്ഷേത്രദർശനത്തിനായി എത്തിച്ചേരുന്നവരുടെയും സുരക്ഷക്കായി പൊലീസിനെയും ക്ഷേത്രം ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വിഗോപിനാഥ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വിവാഹ ചടങ്ങളുകളും ക്ഷേത്ര ദർശനവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവാഹത്തിന് എത്തിയവരും ഭക്തരും സഹകരിക്കുന്നുണ്ടെന്നും എ വി ഗോപിനാഥ് അറിയിച്ചു.

Content Highlights: Guruvayur Temple witnesses a historic wedding rush as 437 marriages are scheduled on Chingam's first Sunday, setting a new single-day record with special arrangements by the Devaswom.

To advertise here,contact us