പുലികളിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും: തീരുമാനം അറിയിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

ശരീരം, രൂപം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും പി സി വിഷ്ണുനാദ് ഫേസ്ബുക്കില്‍ കുറിച്ചു

തിരൂവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. പുലികളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വേദനയുണ്ട്. വി കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നും. ശരീരം, രൂപം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പുലിക്കളി ലോകോത്തരമായ ഒരു കലാരൂപമാണെന്നും സംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി പുരുഷൻന്മാർ മാത്രം ചെയ്തിരുന്ന കലാരൂപമായ പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായതിനെയും പി സി വിഷ്ണുനാഥ് കുറിപ്പിലൂടെ അഭിനന്ദിച്ചു.

പുലികളിക്കെതിരായ വി കെ ശ്രീരാമൻ്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ വ്യാപക വിമർശമനം ഉയർന്നതിന് പിന്നാലെ പരാമർശത്തിൽ വി കെ ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചിരുന്നു. 'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെ'ന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ ഫേസ്ബുക്ക് കുറിപ്പിൽ വി കെ ശ്രീരാമൻ വിമര്‍ശിച്ചത്. 'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല എന്നും വി കെ ശ്രീരാമൻ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെ വി കെ ശ്രീരാമനെതിരെ വ്യാപക വിമർശനം ഉയർന്ന് വന്നിരുന്നു. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പരാമർശത്തിൽ വി കെ ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചത്. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ ശ്രീരാമൻ വ്യക്തമാക്കിയത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്.ആ വിവാദത്തിന് ഇടയാക്കിയ പരാമര്‍ശം ഞാന്‍ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ല; എതിര്‍ക്കപ്പെടേണ്ടതുമാണ്.

കാലാകാലങ്ങളായി പരിഷ്‌കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമര്‍പ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.

കേരളത്തില്‍ മാത്രമുള്ളതല്ല പുലിക്കളി കൂടി എന്നോര്‍ക്കുക.തമിഴ് നാട്ടിലെ പുലിയാട്ടം, കര്‍ണാടകയിലെ ഹുലി വേഷ, ഒഡീഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികള്‍ രാജ്യത്തുണ്ട്.വിയറ്റ്‌നാമില്‍ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയില്‍ ചൈനയിലും സിംഹ നൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു. തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാന്‍. മെക്‌സികോയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയില്‍ പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്‌കാരിക- ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും.പുലിക്കളിക്ക് ഈ വര്‍ഷം മുതല്‍ സര്‍ക്കാരില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു. പുലിക്കളിക്കാരോടാണ്, നിങ്ങള്‍ പുലികളാണ് ചുവടുകള്‍ തുടരുക

Content Highlight : Minister P.C. Vishnunath announces decision to increase financial assistance for Pulikali

To advertise here,contact us