ആലപ്പുഴ: നെഹ്റു ട്രോഫി പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജലമേളയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി. ഫോട്ടോയോ പേരോ ഉള്‍പ്പെടുത്താത് വിവാദമായതിന് പിന്നാലെ പോസ്റ്റര്‍ പിന്‍വലിച്ചെങ്കിലും പുതിയ പോസ്റ്റര്‍ ഇറക്കാത്തതിലും എംപിക്ക് അതൃപ്തിയുണ്ട്.
എന്‍ടിബിആര്‍ കള്‍ച്ചറല്‍ കമ്മറ്റിയാണ് പോസ്റ്റര്‍ പിന്‍വലിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മണ്ഡലത്തിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ മണ്ഡലത്തില്‍ നിന്നാണ് വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കുന്നതും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കോടിക്കുന്നിലിന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷ് അനുകൂലികള്‍ ആരോപിച്ചു.
നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസില്‍ ഭിന്നത നിലനിന്നിരുന്നു. പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദര്‍ശനത്തില്‍ എംപി പങ്കെടുത്തിരുന്നില്ല. പിന്നീട് ഒറ്റയ്ക്കാണ് കൊടിക്കുന്നില്‍ സുരേഷ് എംപി കുട്ടനാട് സന്ദര്‍ശനം നടത്തിയത്.
ശനിയാഴ്ചയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. വീയപുരം ജലരാജാവാണ് നിലവിലെ ജേതാക്കള്‍.
Content Highlights: Kodikunnil Suresh has expressed displeasure over the Nehru Trophy poster controversy and is set to stay away from the annual boat race.