മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ നിന്ന് ജാതിഅധിക്ഷേപം നേരിട്ട വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രതികരണവുമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വി സി ഡോ സി ആര് പ്രസാദ്. ജാതിഅധിക്ഷേപ പരാതിയില്‍ സര്‍വ്വകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും പ്രതികരിച്ചാണ് വൈസ് ചാന്‍സിലര്‍ സി ആര് പ്രസാദ് രംഗത്ത് വന്നത്. ആന്റി റാഗിംഗ് സെല്ലിന്റെയും, SC ST സെല്ലിന്റെയും റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് റിപ്പോര്‍ട്ടിലും അനഘയുടെ ആരോപണങ്ങളില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വി സി പറയുന്നത്. എന്നിരുന്നാലും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഗവേഷക വിദ്യാര്‍ത്ഥി അനഘ നേരത്തെ രംഗത്ത് വന്നിരുന്നു. ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശിയായ അനഘ ശശി സമരമുഖത്തേയ്ക്ക് എത്തിയത്. ജാതി അധിക്ഷേപത്തെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥി നീതി ലഭിക്കും വരെ സമരം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
Content Highlights: Malayalam University VC Dr CR Prasad responded to a student's complaint regarding alleged caste based discrimination at the Tirur campus.