വധശ്രമക്കേസിൽ ഒളിവിൽ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി പൊലീസ് തിരയുന്ന ഖാദര്‍ കരിപ്പൊടി

ഒളിവിലിരിക്കെ നേരത്തെയും ഖാദര്‍ കരിപ്പൊടി വീഡിയോ പങ്കുവെച്ചിരുന്നു

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് തിരയുന്ന കണ്ടന്റ് ക്രിയേറ്റര്‍ ഖാദര്‍ കരിപ്പൊടി. റെയിന്‍ കോട്ടിന്റെ പ്രമോഷന്‍ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വധശ്രമക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയതോടെ ഖാദര്‍ കരിപ്പൊടി ഒളിവിലെന്നാണ് പൊലീസ് വാദം.

ഒളിവിലിരിക്കെ നേരത്തെയും ഖാദര്‍ കരിപ്പൊടി വീഡിയോ പങ്കുവെച്ചിരുന്നു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയായിരുന്നു വീഡിയോ. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കര സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരായ കേസ്. ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കാസര്‍കോട് ടൗണ്‍ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹമ്മദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികള്‍. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

Content Highlights: Content creator Khader Karippodi is being sought by police in connection with the case share an instagram reel

To advertise here,contact us