സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന കത്ത് അവഗണിച്ചു; പി എസ് പ്രശാന്തിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തല്‍

ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എസ്‌ഐടി. സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന്‍ ഓഫീസിലെ സൂപ്രണ്ട് നല്‍കിയ കത്ത് അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില്‍ തന്നെ ചെയ്യണം എന്നായിരുന്നു സൂപ്രണ്ട് നല്‍കിയ കത്ത്. ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്. ഈ നിര്‍ദേശമാണ് അവഗണിച്ചത്.

കേസില്‍ പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍ എന്നിവരെ കഴിഞ്ഞ ആഴ്ചയാണ് എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ പങ്ക് വ്യക്തമായതോടെയായിരുന്നു നടപടി. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഒരു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കും. രണ്ട് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നതിനാല്‍ വിശദമായ കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടി വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. പി എസ് പ്രശാന്ത്, അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്‌ഐടിയുടെ പരാമര്‍ശമുള്ളത്. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന്‍ അവസരം ഒരുക്കി. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തലുണ്ട്.

Content Highlights: PS Prasanth is facing fresh allegations after reportedly ignoring an official letter that advised against taking gold outside for plating. The issue has reignited controversy over procedural lapses and accountability.

To advertise here,contact us