ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍

ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോള്‍ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസന്‍സ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.

ലേണേഴ്‌സിനുള്‍പ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാര്‍ത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ വലയുന്നത്. യുവാക്കള്‍ കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലെത്തി ലൈസന്‍സ് എടുക്കുന്നതായും വിവരമുണ്ട്. പ്രശ്‌നം രണ്ട് തവണ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയും ഉടലെടുത്തിട്ടുണ്ട്.

പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി പി ജോണ്‍ നേരത്തെ അറിയിച്ചിരുന്നു. നാല്‍പതില്‍ നിന്നും അറുപതിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങള്‍ നീക്കാന്‍ പ്രായോഗിക നടപടിയെടുക്കുമെന്നും നടപടിയാകാത്ത ടെസ്റ്റുകള്‍ സമയബന്ധിതമായി നടത്താന്‍ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.

Content Highlights: Driving licence procedures in Kerala have been disrupted, with applicants struggling to secure slots even for learner's licence tests.

To advertise here,contact us