കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി നടന് ഷൈന്‍ ടോം ചാക്കോ. ഭരണത്തില്‍ എതിര്പ്പുളളവരാണ് എതിര് ശബ്ദമുയര്‍ത്തുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ലെന്നും രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സര്‍ക്കാരിനെക്കൊണ്ട് പറ്റാത്ത കാര്യങ്ങളാകാം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് എന്നാണ് നീറ്റ് പരീക്ഷയെക്കുറിച്ച് ഷൈന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ എന്നല്ല ലോകത്ത് എവിടെയും അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താരങ്ങള്‍ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും അത് പറയാനുളള സ്വാതന്ത്ര്യമാണ് 1947-ല്‍ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി സിനിമാ താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. മമ്മൂട്ടി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആഷിഖ് അബു, ജോജു ജോസഫ്, ഭാവന, ദിവ്യ പ്രഭ, ആസിഫ് അലി, കിഷോർ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. സമരത്തെ പിന്തുണച്ചുകൊണ്ട് വിസ്മയ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പിന്നാലെ വിസ്മയയ്ക്ക് വലിയ സൈബർ ആക്രമണമാണ് നേരിടേണ്ടിവന്നത്. മോഹൻലാലിന് നേരെയും സൈബർ ആക്രമണമുണ്ടായി.
അതേസമയം, ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന് രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും. ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരിക്കും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നാണ് വിവരം. എന്നാല്‍ സിജെപി പ്രതിനിധികള്‍ ആരെന്നതില്‍ വ്യക്തതയില്ല.
Content Highlights: Actor Shine Tom Chacko expresses solidarity with the CJP student protest, criticizing the crackdown and stating that speaking against government policies leads to anti-national tagging.