നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

റാമിനെ അറസ്റ്റ് ചെയ്യാമെന്ന് തലശ്ശേരി എസ്‌സി എസ്ടി കോടതി അനുമതി നല്‍കിയിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റാമിനെ അറസ്റ്റ് ചെയ്യാമെന്ന് തലശ്ശേരി എസ്‌സി എസ്ടി കോടതി അനുമതി നല്‍കിയിരുന്നു. കണ്ണൂർ തളാപ്പിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഉച്ചയോടെ റാം കീഴടങ്ങിയിരുന്നു. എസ് പി മോഹനചന്ദ്രന്റെ നേതൃത്വം പ്രതിയെ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഡോ റാമിനെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മൂലം നേരത്തെ കോടതി ഇയാളെ വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി തലശ്ശേരി എസ്‌സി എസ്ടി പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതോടെ റാമിനെ ക്രൈംബ്രാഞ്ച് സംഘം ഓഫീസിലേക്ക് വിളിച്ചുവരുത്തുകയാണ് ഉണ്ടായത്.

പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളില്‍ പൊലീസിനെയും സര്‍ക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിതിന്‍ രാജിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങള്‍ക്കായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞിരുന്നു.

Content Highlights: Police have officially recorded the arrest of Dr. M K Ram as part of the investigation into the death of Nithin Raj

To advertise here,contact us