കോഴിക്കോട്: വടകരയിലെ പതിനേഴുകാരന് അഭിജിത് ജീവനൊടുക്കിയത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിലും വിചാരണയിലും മനംനൊന്തെന്ന് പരാതി. നാട്ടുകാരായ ആറു പേര് അതിക്രൂരമായി തങ്ങളെ മര്‍ദ്ദിച്ചെന്ന് അഭിജിത്തിന്റെ സുഹൃത്തുക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അഭിജിത്തിനെ ജോലിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. വീട്ടില്‍ പറയുമെന്ന് അഭിജിത്തിനെ ഭീഷണിപ്പെടുത്തിയെന്നും കാറിലേക്ക് വലിച്ച് കയറ്റി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അഭിജിത്തിനെ സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
സംഭവത്തില്‍ കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴിയൂര്‍ സ്വദേശിയായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുന്‍പ് നാട്ടുകാരായ ഒരു സംഘം യുവാക്കള്‍ അഭിജിത്തിനെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.
അഭിജിത്തിന്റെ ഫോണ്‍ സംഘം പിടിച്ചു വാങ്ങിയിരുന്നു. ഇതിലെല്ലാം മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയത് എന്ന് കുടുംബം പറയുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കുടുംബം നല്കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
Content Highlights: A complaint alleges that a 17-year-old from Vadakara was distressed after an alleged mob attack before his death, prompting an investigation.