പാളയത്തില്‍ പട? 'കെ കെ രാഗേഷ് എങ്ങനെ ജില്ലാ സെക്രട്ടറിയായി?'; CPIM ദേശീയനേതൃത്വത്തിന് പരാതി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ പിന്നീട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ അന്നുതന്നെ പാര്‍ട്ടിയില്‍ പലഘടകങ്ങളിലും അസ്വാരസ്യങ്ങളുണ്ടായിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി. സംഘടനാ മര്യാദ പാലിക്കാതെയാണ് കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജില്ലാ കമ്മിറ്റി അംഗം അല്ലാത്തയാളെ എങ്ങനെ ജില്ലാ സെക്രട്ടറിയാക്കിയെന്ന് വ്യക്തമാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെയാണ് പരാതി നല്‍കിയതെന്നാണ് വിവരം. ഇമെയില്‍ മുഖാന്തരമാണ് പരാതി അയച്ചത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ പിന്നീട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ അന്നുതന്നെ പാര്‍ട്ടിയില്‍ പലഘടകങ്ങളിലും അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പരസ്യമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. പാര്‍ട്ടി കോട്ടയെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ തളിപ്പറമ്പിലും പയ്യന്നൂരിലും ഉള്‍പ്പെടെ കനത്ത പരാജയം നേരിട്ടതോടെ രാഗേഷിനെതിരെ വിമര്‍ശനം ശക്തമാവുകയായിരുന്നു. രാഗേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിനുതാഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ധനരാജിനെ അനുസ്മരിച്ച് പങ്കുവെച്ച കുറിപ്പിന് താഴെയുള്‍പ്പെടെ അമര്‍ഷം പ്രകടമായിരുന്നു.

വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് കെ കെ രാഗേഷിന്റെ പ്രതികരണം കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ തന്നെ തള്ളിയിരുന്നു. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അവര്‍ വ്യക്തമാക്കട്ടെയെന്ന് ഇ പി ജയരാജന്‍ പറഞ്ഞപ്പോള്‍ രാഗേഷ് പറഞ്ഞതില്‍ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ലെന്ന നിലയില്‍ സംസാരിക്കരുതെന്നുമായിരുന്നു പി കെ ശ്രീമതി പ്രതികരിച്ചത്. പോര്‍ട്ട് എംഡിയെ മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നായിരുന്നു കെ കെ ശൈലജ പ്രതികരിച്ചത്. ഇതിനിടെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിലും നേതൃത്വത്തിലേക്ക് പരാതി പോകുന്നത്.

Content Highlights: complaint has reportedly been submitted to CPIM national general secretary MA Baby regarding the selection of K K Ragesh as Kannur district secretary

To advertise here,contact us