സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

റോറോയിലെ സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന പണം സ്ത്രീകള്‍ മാറ്റിവയ്ക്കണമെന്നും ഇതിനായി കെഎസ്എഫ്ഇയിൽ പിങ്ക് ചിട്ടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊച്ചി: വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതോടെ കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. പുതിയ റോറോ സർവ്വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

കെഎസ്ആർടിസിയിലെ പ്രിയദർശിനിക്ക് സമാനമായി റോ റോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയിലും റോ റോയിലും സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന പണം സ്ത്രീകള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കെഎസ്എഫ്ഇയില്‍ പിങ്ക് ചിട്ടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ കൊച്ചിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെത്തുമെന്നും ആദ്യമായി ഓഷ്യനേറിയം കൊച്ചിയില്‍ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഫിലിംസിറ്റി വരികയാണെന്നും വലിയ ടൂറിസം കേന്ദ്രമായി മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റോ റോ അതിന്റെ തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിക്കുള്ള സര്‍ക്കാരിന്റെ ആദ്യ സമ്മാനമായി വലിയൊരു കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര ആഭ്യന്തര ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും. ഇപ്പോള്‍ ആരംഭിച്ച റോ-റോ പദ്ധതി കൊച്ചിയുടെ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kochi Corporation launches its third Ro-Ro vessel 'Sethusagar 3' for the Vypin-Fort Kochi route, alongside passing a landmark resolution offering free ferry travel for women pedestrians.

To advertise here,contact us