ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചു എന്നാണ് വിമര്‍ശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരോക്ഷ വിമര്‍ശനവുമുണ്ടായി. തിരുത്തല്‍ അനിവാര്യമാണ് എന്നാണ് നേതാക്കള്‍ പറഞ്ഞത്. കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടിയാണ് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത്. ഇന്നലെ കേരളത്തില്‍ നിന്നുളള എട്ട് നേതാക്കള്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്ട്ടിന്മേല് സംസാരിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും തിരുത്തല്‍ അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിക്ക് സംസ്ഥാനത്ത് പലയിടങ്ങളിലും ഐക്യം നഷ്ടമായി എന്നും ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ നേതാക്കള്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായി എന്നും വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ മയപ്പെടുത്തി പറഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടാകില്ല എന്നാണ് നേതാക്കള്‍ പറയുന്നത്. നേതാക്കളില്‍ പാര്‍ലമെന്ററി വ്യാമോഹം കടന്നുകൂടി എന്നും ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഫലിച്ചു എന്നും വിമര്‍ശനമുണ്ടായി.
അതേസമയം സിപിഐഎമ്മിലെ ഉള്‍പാര്‍ട്ടി പോര് ശക്തമാകാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന ആലോചനയിലാണ് പിണറായി വിജയനും എം വി ഗോവിന്ദനുമൊപ്പമുളളവര് എന്നാണ് റിപ്പോർട്ട്. അച്ചടക്കം പാലിച്ച് നേതാക്കളെ കേട്ട് പ്രശ്ന പരിഹാരത്തിനുളള നീക്കങ്ങള്‍ നടത്താനാണ് ആലോചന. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റതിന് പിന്നാലെ ബ്രാഞ്ച് മുതലുളള പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പഴയതുപോലെയല്ല കാര്യങ്ങളെന്ന തിരിച്ചറിവ് ഔദ്യോഗിക പക്ഷത്തിനുണ്ട്. അതേസമയം, വിഴിഞ്ഞം അഴിമതി ആരോപണത്തിലും ദിവ്യ എസ് അയ്യരുടെ സ്ഥലംമാറ്റത്തിലും മുന്‍ നിലപാട് നേതൃത്വം ആവര്‍ത്തിച്ചേക്കില്ല.
Content Highlights: Severe organizational criticism erupted at the CPIM Central Committee meeting, pointing out that party unity has been significantly lost in several regions of Kerala amid rising factional disputes