'സത്യപ്രതിജ്ഞ ചെയ്യാന്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി വിട്ടയക്കണം'; BJP കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതി

സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സുഗതൻ ആവശ്യപ്പെട്ടു

കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയില്‍. സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണം എന്നാണ് ആവശ്യം. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണം. കാപ്പ ചുമത്തി ജയിലില്‍ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടയുന്നുവെന്നും ആര്‍ സുഗതന്‍ ആരോപിച്ചു.

ഹർജിയിലെ ആവശ്യത്തിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജയിലില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യാനാകുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹെെക്കോടതി ചോദിച്ചു.

കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്റെ ഉള്‍പ്പെടെ 20 കൗസിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പ ചുമത്തി ജയിലിലായതിനാല്‍ സുഗതന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരി വെച്ചിരുന്നു. ഇതോടെ സുഗതന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാകും.

Content Highlights: kaapa case bjp councillor r sugathan high court plea

To advertise here,contact us