ആലപ്പുഴ: ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധു. ക്രൂരമായ ആക്രമണത്തിനാണ് സാവരിയ ഇരയായതെന്ന് ബന്ധു പറഞ്ഞു. സാവരിയയുടെ കാല് മുതല്‍ തലവരെ ചതവുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞതായി പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. ലാപ്ടോപ് ഉപയോഗിച്ച് ഒരു നിമിഷംകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതല്ല. ദേഹത്ത് മുറിവില്ലാത്ത ഒരു ഭാഗം പോലുമില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് അവര്‍ പറഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 20 ദിവസമെടുക്കുമെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി സദറുല്‍ അനം സാവരിയയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നതായാണ് സഹപാഠികളില്‍ ചിലര്‍ പറഞ്ഞത്. സാവരിയ അതിന് സമ്മതിച്ചില്ല എന്നും അറിഞ്ഞു. അവസാന നിമിഷം എന്താണ് സംഭവിച്ചത് എന്നറിയില്ല. ലാപ്ടോപ്പുകൊണ്ട് അടിച്ചതാണോ എന്ന് വ്യക്തമല്ല. ഒരു ലാപ്ടോപ്പ് തകര്‍ന്ന നിലയില്‍ കണ്ടിരുന്നു. പ്രതി തന്നെയാണ് സാവരിയയെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ബന്ധു പറഞ്ഞു.
സാവരിയ അവധിക്ക് ഇന്ന് നാട്ടില്‍ വരാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. ഇതിനായി ഒരുപാട് പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാനുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും എംബസിയും അടക്കം സഹായിച്ചു. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായിട്ടില്ല. ഒരുപരിചയവും ഇല്ലാത്ത സ്ഥലമാണ്. അവിടെ കാര്യങ്ങള്‍ ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും ബന്ധു പറഞ്ഞു. സാവരിയ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നാല് നിലകളാണുള്ളത്. അവിടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു നിലയില്‍ പെണ്‍കുട്ടികളാണെങ്കില്‍ തൊട്ടുമുകളില്‍ ആണ്‍കുട്ടികളായിരിക്കും. പ്രതിയും സാവരിയയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. സാവരിയ താമസിച്ചിരുന്ന ഹോസ്റ്റലിലാണ് പ്രതിയും താമസിച്ചിരുന്നതെന്നും ബന്ധു പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതി കുറ്റംസമ്മതിച്ചിരുന്നു. അവിടുത്തെ പൊലീസ് സ്റ്റേഷനില്‍വെച്ച് അയാളെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. രക്ഷപ്പെടാനുള്ള പഴുകള്‍ അടയ്ക്കുക എന്ന നിലയിലാണ് കേരള പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണെന്നാണ് അറിയുന്നത്. സഹോദരന് ഡോക്ടടറാണ്. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണം. സാവരിയക്ക് നീതി ലഭിക്കണമെന്നും ബന്ധു ആവശ്യപ്പെട്ടു.
ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.മകളെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Content Highlights- A relative of Sawariya, who was killed in Uzbekistan, said the victim had bruises across her body from head to toe