പിഎസ്‌സി ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേകസംഘം; ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന് അന്വേഷണ ചുമതല

രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും നിര്‍ദേശമുണ്ട്

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) രൂപം നല്‍കി ഡിജിപി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും നിര്‍ദേശമുണ്ട്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഥ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ഇന്നലെ മുഖ്യമന്ത്രിയാണ് അറിയിച്ചത്.

പിഎസ്‌സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.

അസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തില്‍ സുപ്രീം കോടതി നിര്‍ദേശം ലംഘിച്ച് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നും പരാതി ഉയര്‍ന്നിരുന്നു.

Content Highlights: The Kerala Police Chief has constituted a special Crime Branch investigation team to probe the alleged irregularities in the PSC examinations.

To advertise here,contact us