കൊച്ചി: എംഎസ്സി എല്‍സ കപ്പലപകടത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് സമന്‍സ് അയച്ച് കോടതി. കപ്പലിൻ്റെ ക്യാപ്റ്റന്‍ അടക്കം പത്ത് പ്രതികള്‍ക്കാണ് കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി സമന്‍സ് അയച്ചത്. പ്രതികള്‍ ജൂലൈ ഒമ്പതിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കപ്പലപകടത്തെ തുടര്‍ന്ന് കൊച്ചില്‍ കുടുങ്ങി കിടക്കുന്ന നാല് കപ്പല്‍ ജീവനക്കാര്‍ക്ക് തല്ക്കാലം സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാനും നിര്‍ദേശമുണ്ട്. കപ്പല്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഭാരതീയ ന്യായ സംഹിതയുടെ സെഷന് 284, 285, 286 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
എംഎസ്സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് നാവികര്‍ക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി അനുവദിച്ചത്. പത്ത് ലക്ഷം രൂപയുടെ ആള് ജാമ്യവും ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും ആയിരുന്നു ജാമ്യ വ്യവസ്ഥ. നാവികര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഓണ്‍ലൈനായി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കപ്പലിൻ്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മറ്റ് നാല് നാവികരുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നാണ് കോടതി അറിയിച്ചരുന്നത്. മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തീരുമാനം അറിയിക്കുമെന്നാണ് കോടതി പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം മെയ് മാസം അവസാനത്തോടെയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: In the MSC Elsa 3 ship accident case, the court has issued summons to the shipping company. The sailors involved remain unable to return to their home countries as legal proceedings continue.