കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
എന്നാല്‍ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയാണ് നിയമനം. ദേവസ്വം വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടിന് ലഭിച്ചു. മൂന്ന് പ്രത്യേക സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതില്‍ ഒന്നാണ് കെ ബി പ്രദീപിന്റെ നിയമനം.
2019 ല്‍ ദ്വാരപാലക ശില്പത്തില് സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന് കേസില്‍ സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന് പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.
Content Highlights: In a controversial decision, the government has appointed the lawyer of Smart Creations, a party linked to the Sabarimala gold case, as the Devaswom Department’s special advocate