കൊച്ചി: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ മുരളീധരനെ എയറിലാക്കി മുന്‍ പരാമര്‍ശം. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന 2021 ലെ പരാമര്‍ശം കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. 'എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല് ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല് ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന് ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം', എന്നായിരുന്നു കെ മുരളീധരന് അന്ന് പറഞ്ഞത്. പരാമര്‍ശം വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പരിഹാസമാണ് ഉയരുന്നത്.
'കൊവിഡ് റാണി, നിപ്പാ റാണി എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നത് പോലെ അത്ര സുഖം ഉള്ള കാര്യം അല്ലാ എന്ന് മനസ്സിലായി കാണും എന്ന് കരുതുന്നു', 'മുമ്പ് പറഞ്ഞത് എരണം കെട്ടവന് ഭരിക്കുമ്പോള്‍ വരുന്നതാണ് നിപ എന്നാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ', 'ഭരിക്കുന്നവന് ശരിയല്ല, ഏത് എരണംകെട്ടവന്‍ ആണോ ഭരിക്കുന്നത്', 'കൂടുതല്‍ വിശദീകരണം വേണ്ട…? എരണം കെട്ടവന്മാര് നാട് ഭരിച്ചാല്‍ നാട് മുടിയും', എന്നിങ്ങനെയാണ് പരിഹാസം.
മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസംഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരന് നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചുതന്നു. അതിനെക്കുറിച്ചൊന്നും ഇവിടെ എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ എന്നായിരുന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന് തന്നെ രംഗത്തെത്തി. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം.
Content Highlights: After a fresh Nipah virus case was confirmed in Kozhikode, earlier remarks made by K. Muraleedharan regarding Nipah have resurfaced and are being widely discussed