'തെറ്റ് തിരുത്താനുള്ള നടപടി CPIMല്‍ ഉണ്ടാവുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്ന് വിമർശനം

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദനെതിരെ ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. തെറ്റ് തിരുത്താനുള്ള നടപടി പാര്‍ട്ടിയില്‍ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും കുറ്റപ്പെടുത്തി.

27 സ്ഥാനാത്ഥികള്‍ മണ്ഡലം കമ്മിറ്റി അംഗീകരിക്കാത്തവരാണെന്ന് ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. അതില്‍ 24 പേര്‍ തോറ്റു. തോല്‍വിയില്‍ ജില്ലാ കമ്മിറ്റിക്ക് പിശകില്ല. കബളിപ്പിക്കലാണ് നടക്കുന്നത്. പാര്‍ട്ടി വഞ്ചനയാണത്. തളിപ്പറമ്പില്‍ ഏതെങ്കിലും പാര്‍ട്ടി ഘടകം സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചിരുന്നോ എന്ന് ടി കെ ഗോവിന്ദന്‍ ചോദിച്ചു. ആരാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്? ജില്ലാ സെക്രട്ടറിയാണോ? എന്ത് തിരുത്തും എന്നാണ് വിശ്വസിക്കേണ്ടത് കീഴ്ഘടകങ്ങളുടെ ചര്‍ച്ചയുടെ കാര്‍ബണ്‍ കോപ്പി മേല്‍ കമ്മിറ്റിക്ക് കിട്ടുമല്ലോയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. റിവ്യൂ റിപ്പോര്‍ട്ട് അതിവിചിത്രമാണെന്നും ടി കെ ഗോവിന്ദന്‍ പരിഹസിച്ചു.

വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് സാധാരണ സംഭവിച്ചതാണോയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. വെള്ളാപ്പള്ളിയെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായില്ല. മതേതര മനസിനെ വ്രണപ്പെടുത്തുന്ന നിലപാടായിരുന്നു അത്. ആഗോള അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായി. പറന്നുവന്ന സന്ദേശമല്ലല്ലോ അയ്യപ്പ സംഗമത്തില്‍ വായിച്ചതെന്ന് ടി കെ ഗോവിന്ദന്‍ ചോദിച്ചു. ഡീലിന്റെ ഭാഗമാണ് ലാവ്‌ലിന്‍ കേസും വീണയ്‌ക്കെതിരായ കേസും നീണ്ടുപോകുന്നതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. തിരുത്താന്‍ തയ്യാറാണെങ്കില്‍ യഥാര്‍ത്ഥ വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറാകണം. അതിന് പരിഹാരം കാണണം. സത്യസന്ധമായ വിലയിരുത്തല്‍ നടത്തണം. അത് നടന്നില്ലെന്നാണ് റിവ്യൂ റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്നം ടി കെ ഗോവിന്ദന്‍ പറഞ്ഞു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായ അഭിപ്രായം മാനിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് പ്രയോജനമെന്ന് കുഞ്ഞികൃഷ്ണനും വിമര്‍ശിച്ചു. എതിര്‍പ്പ് ഉയര്‍ന്ന സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ നേതൃത്വം തയ്യാറാവണം. സംസ്ഥാന നേതൃത്വം ബാധ്യത നിര്‍വഹിച്ചോ? പയ്യന്നൂരിലും തളിപ്പറമ്പിലും പറ്റിയ തെറ്റ് എന്താണെന്നും അദ്ദേഹം ചോദിച്ചു. അത് പറയാന്‍ സംസ്ഥാന സെക്രട്ടറി തയ്യാറാവണം. പയ്യന്നൂരില്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനം പാര്‍ട്ടി ശരി വെയ്ക്കുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ 140 മണ്ഡലത്തിലും മത്സരിച്ചത് ഒറ്റ സ്ഥാനാര്‍ത്ഥിയേയുള്ളൂ. അത് പിണറായി വിജയനാണ്. അത് അമ്പേ പരാജയമായിരുന്നു. മൂന്ന് തവണ തെറ്റ് തിരുത്തല്‍ രേഖ അവതരിപ്പിച്ചു. ഒരു കാര്യം നടപ്പിലായില്ല. തെറ്റ് ചെയ്യുന്ന നേതാക്കള്‍ കീഴ്ഘടകങ്ങളില്‍ തെറ്റ് തിരുത്താനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു. കണ്ണില്‍ പൊടിയിടാനുള്ള വിദ്യ മാത്രമാണത്. പൊതുജന അഭിപ്രായം തേടുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം പോലും പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലാ കമ്മിറ്റിയാല്‍ നിര്‍ദേശം വെച്ചത് ജില്ലാ സെക്രട്ടറിയാണ്. അവിടെ സ്വന്തം അഭിപ്രായമല്ല ആവശ്യം. കമ്മിറ്റിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച നാടകമാണെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വി സി നിയമനത്തില്‍ സമവായമുണ്ടാക്കിയിട്ടുണ്ട്. പിഎം ശ്രീ യില്‍ ഒപ്പ് വെച്ചത് ആരോട് ചോദിച്ചാണെന്നും അക്കാര്യത്തില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- T.K. Govindan and V. Kunhikrishnan have voiced strong criticism against the CPIM, claiming that the party lacks effective processes to address and correct its mistakes.

To advertise here,contact us