തൃശൂര്‍: തൃശൂരില്‍ വിവിധയിടങ്ങളില്‍ മിന്നല്‍ ചുഴലി. പ്രധാനമായും വില്ലടം, ചേറൂര്, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വില്ലടം മില്‍മയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്കൂള്‍ വാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരം വീണത് ഗതാഗതക്കുരുക്കിന് കാരണമായി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
നട്ടത്തറ പൂച്ചട്ടിയില്‍ സ്കൂള്‍ മുന്നത്തേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്റെ മുറ്റത്താണ് മരം വീണത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം വലിയ തേക്കിന് മരങ്ങളായിരുന്നു വീണത്. നാലോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു ഒമിനി വാന്‍ പൂര്‍ണായും തകര്‍ന്നു.
എല്‍കെജി ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകള്‍ തകര്‍ന്നു. തൂണുകളും തകര്‍ന്നിട്ടുണ്ട്. കുട്ടികള്‍ സ്കൂളിലേക്ക് വരുന്ന സമയത്തായിരുന്നു അപകടം. കുട്ടികള്‍ കെട്ടിടത്തില്‍ പ്രവേശിച്ചതിന് പിന്നാലെ വലിയ കാറ്റ് വീശുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ആര്‍ക്കും അപകടമില്ലെന്നും അധ്യാപിക പറഞ്ഞു.
Content Highlights- A whirlwind struck Thrissur, uprooting several trees and causing damage to vehicles parked within a school campus