ആലപ്പുഴ: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ സംശയം പ്രകടിപ്പിച്ച് എ ഡി തോമസ് എംഎല്‍എ. നിരാശാജനകമായ വിധിയാണെന്നും കേസ് പരിഗണിച്ച കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാമെന്നും എ ഡി തോമസ് പറഞ്ഞു.
'താല്ക്കാലികമായ രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാം. ജനപ്രതിനിധിയെന്ന നിലയില്‍ എനിക്ക് അത് പറയുന്നതില്‍ പരിമിധി ഉണ്ട്. കോടതിയുടെ മുന്‍ ഇടപെടല്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും. പശ്ചാത്തലം എല്ലാവര്ക്കും അറിയാം', എന്നായിരുന്നു എ ഡി തോമസിന്റെ പ്രതികരണം.
പ്രതികള്‍ക്ക് ജാമ്യം നല്കിയതുകൊണ്ട് കേസ് ഇവിടെ അവസാനിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും എ ഡി തോമസ് പറഞ്ഞു. എത്ര സമയം എടുത്താലും യാതന സഹിച്ചാലും അവസാനനിമിഷം വരെ പോരാടും. എസ്ഐടി ഇടപെടലില്‍ വീഴ്ചയില്ല. സത്യസന്ധമായാണ് അന്വേഷണം നടക്കുന്നതെന്നും എ ഡി തോമസ് പറഞ്ഞു.
കേസില്‍ അഞ്ച് പ്രതികള്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഗണ്മാന് അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്. ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്.
Content Highlights: A.D. Thomas Questions Anticipatory Bail Granted to Security Personnel in Navakerala Yatra Assault Case