ഹൈഡ്രയ്ക്ക് പ്രചോദനമായത് ഹിറ്റ്‌ലര്‍ എന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നത്: പിണറായി

ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ കര്‍മസേനയായ ഹൈദരാബാദ് റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് (HYDRAA) പ്രചോദനമായത് അഡോള്‍ഫ് ഹിറ്റ്‌ലറാണെന്നുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. തന്റെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച 'ഹൈഡ്ര' എന്ന സംവിധാനത്തിന് ആ പേര് നല്‍കിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂര്‍വ്വം പ്രസ്താവിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയില്‍ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഹിറ്റ്‌ലറുടെ ഹൈഡ്ര ഒരു പോപ് കള്‍ച്ചര്‍ സൃഷ്ടി മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണെന്ന് പിണറായി വിജയന്‍ ചോദിച്ചു. രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലം കൂടിയാണ്. കോണ്‍ഗ്രസിനകത്തും ഇതേ നിലപാടുകളുമായി അയാള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, ഇത്തരം നിലപാടുകളെക്കൂടി ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയുക തന്നെ വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്ന 'ദി ഹിന്ദു ഹസില്‍: ഇന്ത്യന്‍ ഇന്‍ ഡയലോഗ്' എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമര്‍ശം. ഹൈഡ്ര എന്ന പേര് സ്വീകരിക്കാന്‍ പ്രചോദനമായത് ഹിറ്റ്‌ലറാണെന്നായിരുന്നു രേവന്ത് റെഡ്ഡി പറഞ്ഞത്. ഹിറ്റ്‌ലറുടെ വാക്കായിരുന്നു ഹൈഡ്രയെന്നും അദ്ദേഹത്തിന്റെ പ്രധാന സംഘത്തിന്റെ പേര് അതായിരുന്നു എന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പരാമര്‍ശം അപകടകരവും അത്യന്തം ആശങ്ക ജനിപ്പിക്കുന്നതുമെന്നായിരുന്നു കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായി ജി കിഷന്‍ റെഡ്ഡി പറഞ്ഞത്. രേവന്ത് റെഡ്ഡി ജനങ്ങളോട് മാപ്പ് പറയണമെന്നും കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനുമായി 2024 ജൂലൈയില്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ഏജന്‍സിയാണ് ഹൈഡ്ര. ഐപിഎസ് ഉദ്യോഗസ്ഥനായ എ രംഗനാഥ് ആണ് ഇതിന്റെ കമ്മീഷണര്‍.

Content Highlights- Pinarayi Vijayan strongly criticized remarks made by Revanth Reddy regarding Hydra, calling the statement highly shocking

To advertise here,contact us