തിരുവനന്തപുരം: വെടിവച്ചാംകോവില്‍ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട 17-കാരന്റെ കുടുംബം. പ്രതികള്‍ കരുതിക്കൂട്ടി കൊലപാതകം നടത്തി എന്നാണ് മരിച്ച ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാറിന്റെ ആരോപണം. അബദ്ധത്തില്‍ ചില്ല് ഗ്ലാസിലേക്ക് വീണ് മരിച്ചതാണെന്ന് കരുതുന്നില്ല. പ്രതികള്‍ ഗ്ലാസ് കഷ്ണങ്ങള്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും ശിവസൂര്യയുടെ അച്ഛന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഉപരിപഠനത്തിന് അപേക്ഷ നല്കാന് അക്ഷയ സെന്ററില്‍ പോയ മകന് ചേതനയറ്റ ശരീരമായി മടങ്ങിയെത്തിയതിന്റെ ഞെട്ടലിലാണ് ശിവസൂര്യയുടെ മാതാപിതാക്കള്‍. സംഭവ ദിവസം ഐടിഐക്ക് അപേക്ഷിക്കാന്‍ പോയതായിരുന്നു ശിവസൂര്യ. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. രാത്രിയിലാണ് സുഹൃത്തുക്കള്‍ വിളിച്ച് അപകടം പറ്റി എന്ന് പറയുന്നത്.
മകനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികള്‍ വന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു. മകന് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും ശിവസുര്യയുടെ അച്ഛന് പ്രതികരിച്ചു. ഒന്നരവര്‍ഷം മുന്‍പ് ടര്‍ഫില്‍ വച്ച് പ്രതികള്‍ ശിവസൂര്യയുമായി പ്രശ്നമുണ്ടാക്കിയിരുന്നതായി സഹോദരന് ശിവകൃഷ്ണയും പറയുന്നു. തൊട്ടടുത്ത ദിവസം സംഘം ശിവസൂര്യയെ സ്കൂളിലെത്തി മര്‍ദ്ദിച്ചുവെന്നും സഹോദരന് പറഞ്ഞു.
അതേസമയം, കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടുകൂടിയാണ് സംഭവം ഉണ്ടാകുന്നത്. പെരിങ്ങമല സ്വദേശികളായ അഞ്ചംഗ സംഘം രണ്ട് ബൈക്കുകളിലായി പുന്നമൂട് എത്തി. അവിടെ ഉണ്ടായിരുന്ന ശിവസൂര്യയെ ലക്ഷ്യമിട്ടാണ് യുവാക്കൾ വന്നത്. ഒരു വർഷം മുൻപ് ഫുട്ബോൾ കളിക്കിടെ ശിവസൂര്യയുടെ സംഘവും മറ്റൊരു ഗ്യാങ്ങും തമ്മിൽ ഉണ്ടായ തർക്കത്തിൻ്റെ തുടർച്ചയായിരുന്നു സംഘർഷം. എതിർ സംഘത്തിൽപ്പെട്ട ഒരാളിനെ തുറിച്ചു നോക്കി എന്ന് ആരോപിച്ചായിരുന്നു സംഘം ശിവസൂര്യയെ ആക്രമിച്ചത്.
കയ്യാങ്കളിക്കിടെ സമീപത്തെ കടയുടെ മുൻവശത്തെ ചില്ല് വാതിലിലേക്ക് ശിവസൂര്യ തെറിച്ചുവീണു. ഈ ചില്ലുകൾ തുളച്ചുകയറിയാണ് ശിവസൂര്യയുടെ ദേഹമാസകലം പരിക്കേൽക്കുന്നത്. മർദ്ദിച്ചവർ തന്നെ ശിവസൂര്യയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു. ആദ്യം ശാന്തിവിള ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Family of 17-Year-Old Raises Serious Allegations in Vedivachamkovil Case