ആലപ്പുഴ: പിണറായി വിജയനെതിരായ ജി സുധാകരന്റെ നനഞ്ഞ കോഴി പരാമര്‍ശത്തിനെതിരെ കൂടുതല്‍ സിപിഐഎം നേതാക്കള്‍ രംഗത്ത്. സുധാകരനെ അഭിനവ പാഷാണം വര്‍ക്കിയെന്ന് വിശേഷിപ്പിച്ചാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബുവിന്റെ പ്രതികരണം. അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണ് സുധാകരന്റേതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സി ബി ചന്ദ്രബാബു വിമര്‍ശിച്ചു.
1991ലെ കോഴിക്കോട് സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദത്തെക്കുറിച്ച് അറിയാം. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന ആളാണ് ജി സുധാകരനെന്ന് പറഞ്ഞ ചന്ദ്ര ബാബു പണപ്പിരിവ് ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. 2021ല്‍ സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് കരുതി ജി സുധാകന് പണം പിരിച്ചു. ഈ പണം ഏത് കണക്കില്‍ വരും? പിരിച്ച പണത്തിന് രസീത് പോലും കൊടുത്തില്ല. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെത്തെ മനോഭാവം വേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സി ബി ചന്ദ്രബാബു പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ജി സുധാകരന് പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു.പിണറായി വിജയനെ വിമര്‍ശിക്കാം. പക്ഷെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണ്. ഇത് ചുട്ട മറുപടി അര്‍ഹിക്കുന്ന വിടുവായത്തരമാണ്. അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം,എല്ലാം തുറന്ന് പറയാന്‍ പാര്‍ട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്.1991 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദം എനിക്ക് നേരില്‍ മനസിലാക്കാന്‍ കഴിഞ്ഞത് പറയാനാകും. ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവവിശേഷങ്ങള്‍ ഉണ്ടാകും. അതില്‍ നല്ല ഭാഗം മാത്രമാണ് നമ്മള് പൊതുവെ കാണുന്നത്. എന്നാല്‍ അതിനൊരു മറുവശം ഉണ്ട്.എനിക്കുമുണ്ടാകും. സുധാകരന്റെ ആ ഭാഗം വളരെ ജീര്ണാവസ്ഥയില് ആണ്. പലതും പറയേണ്ടി വരും.ഇദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ചായ വെറും തട്ടിപ്പാണ്. ഇലക്ഷന് ആരോടും ഞാന്‍ പണം ചോദിക്കാറില്ല എന്നാണ് സുധാകരന് പറയുന്നത്. അങ്ങനെയെങ്കില്‍ 2021 ല്‍ സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് കരുതി അരൂര്‍ ഭാഗത്ത് ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരില്‍ നിന്നും മറ്റും ശേഖരിച്ച പണം ഏതു കണക്കില്‍ വരും. പിരിച്ചതിന് രസിത് പോലും കൊടുത്തില്ലല്ലോ.ഒരിക്കല്‍ കെ ആര് ഗൗരിഅമ്മ പാര്‍ട്ടി നേതാവും അരൂര്‍ MLA യും ഒക്കെയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടി അന്നത്തെകാലത് സാമാന്യം വലിയ ഒരു തുക വാങ്ങി. പിന്നീട് ആ പണം വേണ്ടി വന്നില്ല. ആ പണം അത് തന്ന ആളിന് തിരിച്ചു് കൊണ്ടെ കൊടുത്തു. അന്ന് DYFI അരൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന എന്നെയാണ് ആ പണം തിരിച്ചുകൊടുക്കാന്‍ ഏല്‍പ്പിച്ചത്. അത്തരം ഒരു പാര്‍ട്ടിയാണ് ഇത്. സുധാകരന് സ്ഥാനാര്‍ഥി ആകാതെ വന്നപ്പോള്‍ പിരിച്ച പണം എന്ത് ചെയ്തു.പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട.ബാക്കി എല്ലാവരും മോശം താന്‍ കേമന്‍ എന്ന് സ്വയം പറഞ്ഞാല്‍ പോരല്ലോ.മുസ്ലിംലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരന് പ്രസംഗത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ലീഗിനെ വിമര്‍ശിക്കുമ്പോഴും ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല.എത്ര പെട്ടെന്നാണ് ലീഗ് മതേതര പാര്‍ട്ടിയായത്. ആ പാര്‍ട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാല്‍ അപ്പോള്‍ കാണാം.സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന സുധാകരന് അഭിനവ പാഷാണം വര്‍ക്കി ആയിരിക്കുന്നു
Content Highlights: CPI(M) Leaders React to G Sudhakaran’s “Nananja Kozhi” Remark Against Pinarayi Vijayan