റെയ്ഡ് നടത്തിയ ED ഉദ്യോഗസ്ഥർക്കെതിരായ അക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹെെക്കോടതി

പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌മെന്റ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കേസ് സിബിഐ അന്വേഷിക്കുന്നതെന്തിനാണെന്ന ചോദ്യവും ഹര്‍ജിക്കാരനോട് ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. ഫെഡറല്‍ ഘടനയില്‍ സംസ്ഥാന പൊലീസ് ആണ് കേസ് അന്വേഷിക്കേണ്ടത്. പൊലീസ് അന്വേഷിക്കരുതെന്ന് പറയുന്നത് അപക്വമാണ്. സംഭവം കഴിഞ്ഞിട്ട് പത്ത് ദിവസത്തില്‍ താഴെ മാത്രമേ ആയുള്ളൂ. പത്ത് ദിവസത്തിനകം പൊലീസ് നടപടിയെടുക്കണമെന്ന് എങ്ങനെ പറയാനാകുമെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.

സുതാര്യമായ അന്വേഷണം നടന്നില്ലെങ്കില്‍ മാത്രമാണ് സിബിഐ അന്വേഷണം അനിവാര്യമാകുന്നത്. ഹര്‍ജിക്കാരന്‍ ഏറെ നേരത്തെയാണ് സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Content Highlights: High Court has sought an explanation from the state government regarding the attack on Enforcement Directorate officials

To advertise here,contact us