'എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുക എന്ന UDF നയമാണ് ബിന്ദു കൃഷ്ണ പിന്തുടർന്നത്, അല്ലാതെ പ്രീണനമല്ല'

കള്ള പ്രചരണങ്ങളിലൂടെ കടിച്ച് കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഐഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം

കൊല്ലം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം. വെള്ളാപ്പള്ളി നടേശനെ മാത്രമല്ല മന്ത്രി സന്ദർശിച്ചതെന്ന് വിഷ്ണു പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്തും കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങളിലും മന്ത്രി സന്ദർശനം നടത്തി. ഇസ്‌ലാം മത നേതാക്കളെയും മന്ത്രി കാണുകയുണ്ടായി. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടര്‍ന്നതെന്നും അല്ലാതെ പ്രീണനമല്ലെന്നും വിഷ്ണു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഷ്ണുവിൻ്റെ പ്രതികരണം.

കള്ള പ്രചരണങ്ങളിലൂടെ കടിച്ച് കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഐഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല, ഏതറ്റം വരെയും പ്രതിരോധിക്കും. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുന്നതോ അസ്പര്‍ശ്യരാക്കുന്നതോ ഗാന്ധിയന്‍ ആശയമല്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവരെയും നമുക്ക് സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തനാകണം. നമ്മള്‍ ഉയര്‍ത്തുന്ന മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലേക്ക് അവരെയും നയിക്കാനാകണമെന്നും വിഷ്ണു പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തിനോട് മിണ്ടാനും അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതല്‍ അപകടകരമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ കണ്ട നടപടിയിൽ ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ അടക്കം രംഗത്തെത്തിയിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവിനെ കാണാന്‍ പോയത് തെറ്റാണെന്നും മന്ത്രിയില്‍ നിന്നും രാഷ്ട്രീയ മാന്യത പ്രതീക്ഷിക്കുന്നുവെന്നും ദുൽഖിഫിൽ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കള്ള പ്രചരണങ്ങളിലൂടെ കടിച്ചു കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല, ഏതറ്റം വരെയും പ്രതിരോധിക്കും. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുന്നതോ അസ്പര്‍ശ്യരാക്കുന്നതോ ഗാന്ധിയന്‍ ആശയമല്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവരെയും നമുക്ക് സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തനാകണം. നമ്മള്‍ ഉയര്‍ത്തുന്ന മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലേക്ക് അവരെയും നയിക്കാനാകണം. അതുകൊണ്ട് തന്നെ മന്ത്രി ബിന്ദുകൃഷ്ണ, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ട്. വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തിനോട് മിണ്ടാനും, അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതല്‍ അപകടകരമാണ്.

വെള്ളാപ്പള്ളി നടേശനെ മാത്രമല്ല ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചത്. എന്‍എസ്എസ് ആസ്ഥാനത്തും കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങളിലും ഇസ്ലാം മത നേതാക്കളെയും ഒക്കെ ബിന്ദു കൃഷ്ണ സന്ദര്‍ശനം നടത്തി. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടര്‍ന്നത്. അല്ലാതെ പ്രീണനം അല്ല. സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു വനിതയെ യുഡിഎഫ് മന്ത്രിസ്ഥാനം ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം ചെറുതല്ല. ഒരു വനിതാ മന്ത്രിക്ക് എതിരെ സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ നിങ്ങളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിക്കാനേ ഇടയാക്കു.സിപിഎം ന്റെ കോട്ടക്കൊത്തളങ്ങള്‍ പൊളിച്ചടുക്കിയാണ് ബിന്ദു കൃഷ്ണ കൊല്ലം സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും ഒപ്പം കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെയും രക്തരൂക്ഷിത പോരാട്ടങ്ങളുടെയും വാര്‍ന്ന രക്തത്തിന്റെയും പിന്‍ബലം ബിന്ദു കൃഷ്ണയുടെ മന്ത്രിസ്ഥാനത്തിന് ഉണ്ട് എന്ന് സിപിഎം മറന്നുപോകരുത്. ഒരു ചെറിയ നാക്കു പിഴ പോലും വാളാക്കിക്കൊണ്ട് സിപിഎം നടത്തുന്ന നെറികെട്ട സൈബര്‍ പ്രചരണങ്ങള്‍ അത് നിങ്ങളുടെ നെറ്റിയില്‍ തിരിഞ്ഞു കൊത്തും എന്ന സത്യം നിങ്ങള്‍ കൊണ്ടു തന്നെ അറിയും.

ഒരു കാര്യം കൂടി പറയട്ടേ മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രി ബിന്ദുകൃഷ്ണ ടാര്‍ജറ്റ് ചെയ്യപ്പെടുന്നു. അതിന് പിന്നിലെ ഗൂഢബുദ്ധി കൂടി തിരിച്ചറിയപ്പെടണം. ഈ നെറികെട്ട നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ബിന്ദു കൃഷ്ണയുടെ പിന്നില്‍ പൂര്‍ണമായ സംരക്ഷണ കവചം ഒരുക്കി കോട്ടയായി അണിനിരക്കും..അഡ്വ. വിഷ്ണു സുനില്‍യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്

Content Highlights: A Youth Congress leader defended Bindu Krishna's visit, stating that she did not meet only Vellappally and that the UDF's approach is to engage with all communities

To advertise here,contact us