പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞെന്ന് സൂചന

പരോള്‍ ലഭിച്ചിട്ടും നാല് പ്രതികളെ ജയിലില്‍ നിന്ന് പുറത്തിറക്കിയില്ല

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞതായി സൂചന. പരോള്‍ ലഭിച്ചിട്ടും നാല് പ്രതികളെ ജയിലില്‍ നിന്ന് പുറത്തിറക്കിയില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാല് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. കേസില്‍ ആറ് പ്രതികള്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാദമായത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു ഉയര്‍ന്ന പരാതി.

പെരിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പത്ത് പ്രതികള്‍ക്കും ഒരുമിച്ചായിരുന്നു പരോള്‍ ലഭിച്ചത്. മെയ് പതിനെട്ടാം തീയതി ഒന്നാം പ്രതി പീതാബംരന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇരുപതാം തീയതി ആറാം പ്രതിയും പുറത്തിറങ്ങി. ഇതോടെ വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതികളുടെ കൂട്ടപരോളില്‍ ഗുരുതര ചട്ടലംഘനമുള്ളതായി കണ്ടെത്തിയിരുന്നു. പരോള്‍ നല്‍കുന്നതിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും ലോക്കല്‍ പൊലീസിന്റെയും റിപ്പോര്‍ട്ട് തേടിയില്ലെന്നും പ്രാദേശിക ക്രമസമാധാന പ്രശ്‌നവും പരിശോധിക്കപ്പെട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊന്‍പതുമായിരുന്നു പ്രായം.

കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

Content Highlights- Following controversy over the grant of collective parole, authorities have reportedly halted parole for four convicts in the Periya double murder case.

To advertise here,contact us