കോഴിക്കോട്: ചികിത്സാ പിഴവ് ആരോപണം തള്ളി മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
ഐസിയുവിൽ മൂന്നു മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയതെന്ന് സൂപ്രണ്ട് പറയുന്നു. മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാലുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 73 വയസ്സുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നാണ് കുടുംബത്തിൻ്റെ പരാതി.
സംഭവത്തിൽ പാർവതിയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡിഎംഒ സുപ്രണ്ടിൽ നിന്നും റിപ്പോര്‍ട്ട് തേടിയത്.
സര്‍ജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. മെയ് ആദ്യവാരം ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12നാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
Content Highlights:The Superintendent of Manjeri Medical College has denied allegations made by a family regarding a serious medical negligence incident at the hospital.