തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് മുന്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്ഗണനകളിലെവിടെയും വന്നതായി കണ്ടില്ലെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തും എന്ന ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ലാതെ സര്‍ക്കാരിന്റെ വീക്ഷണവും നയവും വ്യക്തമാക്കുന്ന ഒന്നും കാണുകയുണ്ടായില്ല. മുഖ്യമന്ത്രി അവകാശപ്പെടുന്ന 'പുതുയുഗ'ത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നും ഇല്ലെന്നാണോയെന്നും എം ബി രാജേഷ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.
ശുചിത്വം, മാലിന്യ പരിപാലനം എന്നീ വാക്കുകള്‍ പോലും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല എന്നത് അത്ഭുതപ്പെടുത്തിയെന്നും എം ബി രാജേഷ് പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് പുതിയ സര്‍ക്കാരിന്റെ നയം എന്താണെന്നും ശുചിത്വമില്ലാത്ത യുഗം എങ്ങനെ പുതുയുഗമാകുമെന്നും എം ബി രാജേഷ് ചോദിച്ചു. നഗരവല്‍ക്കരണം എന്ന പ്രതിഭാസത്തെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ മൗനമാണ്. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ നഗരവല്‍ക്കരണം നടക്കുന്നത് കേരളത്തിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ ഇക്കണോമിക് സര്‍വ്വേ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരവല്ക്കരണത്തെക്കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രഗല്ഭരായ വിദഗ്ധരെ അണിനിരത്തി ഒരു കമ്മീഷനെ നിയോഗിച്ചതും ആധികാരികമായ ഒരു പഠനം നടത്തിയതും. അതിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ അര്‍ബന്‍ കോണ്‍ക്ലേവും നടത്തി. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി നഗരനയം കേരളം ആവിഷ്കരിച്ചു. ഈ സര്‍ക്കാര്‍ എങ്ങനെയാണ് നഗരവത്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പോകുന്നതെന്നും എം ബി രാജേഷ് ചോദിച്ചു.
സ്ത്രീശാക്തീകരണ മാതൃകയായ കുടുംബശ്രീയെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ ഒന്നും മിണ്ടിയില്ലെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീ ഉണ്ടാക്കി കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിച്ച അതേ നയമാണോ ഇനിയും പിന്തുടരാന് പോകുന്നത്? അതുകൊണ്ടാണോ കുടുംബശ്രീയെ കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിച്ചിട്ടുള്ളതെന്നും എം ബി രാജേഷ് ചോദ്യം ഉയര്‍ത്തി. ലോകത്തിന്റെ മുമ്പില്‍ കേരളം ശ്രദ്ധാകേന്ദ്രമായി മാറിയതിന് കാരണമായ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിശബ്ദതയാണ് മറ്റൊരു കാര്യം. അധികാരത്തില്‍ വന്നാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി തങ്ങള്‍ ഇതിനേക്കാള്‍ വലിയ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നല്ലോ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. ഇപ്പോഴെന്താണ് ഈ നിശ്ശബ്ദതയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും സുപ്രധാനമായ പങ്കുള്ള വകുപ്പാണ് തദ്ദേശ സ്വയംഭരണം. ഇന്ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ ഏറെ കൗതുകത്തോടെയാണ് ഞാനും ഉറ്റുനോക്കിയത്. എന്നാല്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്ഗണനകളിലെവിടെയും വന്നതായി കണ്ടില്ല. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തും എന്ന ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ലാതെ സര്‍ക്കാരിന്റെ വീക്ഷണവും നയവും വ്യക്തമാക്കുന്ന ഒന്നും കാണുകയുണ്ടായില്ല. മുഖ്യമന്ത്രി അവകാശപ്പെടുന്ന 'പുതുയുഗ'ത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നും ഇല്ലെന്നാണോ?
ഏറ്റവും അത്ഭുതപ്പെടുത്തിയത് ശുചിത്വം, മാലിന്യ പരിപാലനം എന്നീ വാക്കുകള്‍ പോലും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല എന്നതാണ്. ശുചിത്വത്തെക്കുറിച്ച് പുതിയ സര്‍ക്കാരിന്റെ നയം എന്താണ്?. ശുചിത്വമില്ലാത്ത യുഗം എങ്ങനെ പുതുയുഗമാകും?. വിചിത്രമായി തോന്നിയ രണ്ടാമത്തെ കാര്യം നഗരവല്‍ക്കരണം എന്ന പ്രതിഭാസത്തെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ മൗനമാണ് എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ നഗരവല്‍ക്കരണം നടക്കുന്നത് കേരളത്തിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ ഇക്കണോമിക് സര്‍വ്വേ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരവല്ക്കരണത്തെക്കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രഗല്ഭരായ വിദഗ്ധരെ അണിനിരത്തി ഒരു കമ്മീഷനെ നിയോഗിച്ചതും ആധികാരികമായ ഒരു പഠനം നടത്തിയതും. അതിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ അര്‍ബന്‍ കോണ്‍ക്ലേവും നടത്തി. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി നഗരനയം കേരളം ആവിഷ്കരിച്ചു. ഈ സര്‍ക്കാര്‍ എങ്ങനെയാണ് നഗരവത്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പോകുന്നത്?. നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന അവസരങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് കാഴ്ചപ്പാട്?. അത് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കേണ്ടതായിരുന്നില്ലേ?.
മൂന്നാമതായി കേരളം ലോകത്തിന് സമ്മാനിച്ച സ്ത്രീശാക്തീകരണ മാതൃകയായ കുടുംബശ്രീയെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ മിണ്ടാട്ടമില്ല! മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീ ഉണ്ടാക്കി കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിച്ച അതേ നയമാണോ ഇനിയും പിന്തുടരാന് പോകുന്നത്?. അതുകൊണ്ടാണോ കുടുംബശ്രീയെ കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിച്ചിട്ടുള്ളത്?. നാലാമതായി ലോകത്തിന്റെ മുമ്പില്‍ കേരളം ശ്രദ്ധാകേന്ദ്രമായി മാറിയതിന് കാരണമായ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിശബ്ദതയാണ്. അധികാരത്തില്‍ വന്നാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി തങ്ങള്‍ ഇതിനേക്കാള്‍ വലിയ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നല്ലോ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. ഇപ്പോഴെന്താണ് ഈ നിശ്ശബ്ദത?.
ഇന്ത്യയില്‍ ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പ്രാദേശിക കര്‍മ്മപദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലോക്കല്‍ ആക്ഷന്‍ പ്ലാനുകളുടെ ഭാവി എന്താണ്?. പുതിയ സര്‍ക്കാരിന് എന്തെങ്കിലും നയമുണ്ടോ?. തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുമ്പോള്‍ പാര്‍ലമെന്റില്‍ പുലര്‍ത്തിയ നിശ്ശബ്ദത പോലെ തന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും. പദ്ധതിയെ ആശ്രയിക്കുന്ന 20 ലക്ഷം കുടുംബങ്ങളുടെ സ്ഥിതിയെന്താവും? നയപ്രഖ്യാപനത്തില്‍ നിലപാട് പറയേണ്ട പ്രശ്നമായി സര്‍ക്കാരിന് ഇത് തോന്നിയില്ലേ?
ലൈഫ് പദ്ധതിയില്‍ എസ്സി വിഭാഗത്തിന് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞതായി കണ്ടു. മുന്‍ സര്‍ക്കാരും എസ്സി വിഭാഗത്തിന് മുന്‍ഗണന നല്‍കിയിരുന്നു. ആ നയം തുടരുന്നത് നല്ല കാര്യം. അവസാനമായി മറ്റൊരു കാര്യം കൂടി. സുതാര്യമായ ഗവണ്മെന്റായിരിക്കുമെന്നാണ് നയപ്രഖ്യാപനം അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം പൊള്ളയാണെന്ന് നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങളിലൂടെ ഒരാഴ്ചകൊണ്ടുതന്നെ തെളിയിച്ച സര്‍ക്കാരാണിതെന്ന് ഓര്‍ക്കണം. സുതാര്യത ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ യുഡിഎഫ് വന്ന ദിവസം മുതല്‍ അത് അട്ടിമറിക്കപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പല വകുപ്പുകളിലും നടത്തിയ സ്ഥലംമാറ്റങ്ങള്‍ മിക്കവയും കെഎടി റദ്ദാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നത് കൈക്കൂലി വാങ്ങാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്?. ഇതാണോ സുതാര്യത?. കേരളം അഭിസംബോധന ചെയ്യേണ്ട സുപ്രധാനമായ നിരവധി വികസന പ്രശ്നങ്ങളെ സംബന്ധിച്ച നയം വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് ആദ്യ നയപ്രഖ്യാപനം.
Content Highlights- Former Local Self Government Minister M B Rajesh criticized the UDF government's policy declaration in Kerala.