പിണറായി വിജയന്റെ വീട്ടില്‍ നടന്ന ED റെയ്ഡിനോട് യോജിക്കുന്നില്ല: മന്ത്രി ഷിബു ബേബി ജോൺ

ഇ ഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ഷിബു ബേബി ജോണ്‍

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇ ഡിയെ ബിജെപി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന ആയുധമാക്കി മാറ്റിയിട്ട് വര്‍ഷങ്ങളായി. ഇ ഡി റെയ്ഡിനെ ആര്‍എസ്പി അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഇ ഡി ഇടപെടുന്നത്. അത് കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

ഒക്ക ചങ്ങാതിമാര്‍ തമ്മില്‍ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ ഏത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. അത് എന്തുമാകട്ടെ, സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കില്‍ തന്റേടത്തോടുകൂടി ഇ ഡിയുടെ മുന്നില്‍ നില്‍ക്കണം. ഇന്നലെ നടന്നത് അഴിഞ്ഞാട്ടമാണ്. അതാണ് സംശയം ജനിപ്പിക്കുന്നത്. വീഴ്ചയില്‍ നിന്ന് സിപിഐഎം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോയെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.

റെയ്ഡ് നടത്തിയപ്പോള്‍ അവര്‍ കുറ്റം പറയുന്നത് രാഹുല്‍ ഗാന്ധിയെയാണ്. മോദിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയെ പറയുന്നത്. കേരളത്തില്‍ സിപിഐഎം തകരാന്‍ പാടില്ല. സിപിഐഎം തകര്‍ന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതല്ലെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയായിരുന്നു പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം റെയ്ഡ് നടന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടോടെയായിരുന്നു അവസാനിച്ചത്. പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ഡല്‍ഹിയില്‍ ഇ ഡി ആസ്ഥാനത്തേയ്ക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനം ആക്രമിക്കുന്ന സംഭവവമുണ്ടായി. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അടക്കം എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വധശ്രമത്തിന് അടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവരുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights- Minister Shibu Baby John said he does not support the ED raid conducted at the residence linked to Kerala Chief Minister Pinarayi Vijayan

To advertise here,contact us