സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇ ഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതി

കമ്പനി ഉദ്യോഗസ്ഥര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇ ഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുളള ഇടപാടുകളില്‍ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും (സിഎംആർഎൽ) ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി കോടതി തളളി.

ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. കമ്പനി ഉദ്യോഗസ്ഥര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുളളവര്‍ക്ക് ഇ ഡി വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയയ്ക്കും.

ഐടി സേവനങ്ങള്‍ നല്‍കാതെ തന്നെ സിഎംആര്‍എല്‍ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയത് എന്തിനാണ് എന്നാണ് പ്രധാനമായും ഇ ഡി പരിശോധിക്കുന്നത്. ഈ പണം കളളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ ഡി സംശയിക്കുന്നുണ്ട്.

Content Highlights: CMRL-Exalogic deal case; High Court allows ED to continue investigation

To advertise here,contact us