ആലപ്പുഴ: വെളളാപ്പളളി നടേശനെ എതിർക്കാത്ത നടപടിയിൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. വെളളാപ്പളളി നടേശന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്നും വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. വെളളാപ്പളളി നടേശനുമായുളള കൂട്ടുകെട്ട് തുടര്‍ന്നത് പാര്‍ട്ടിയുടെ മതനിരപേക്ഷതക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വെളളാപ്പളളിയുടെ നിലപാടുകൾ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഈ തിരിച്ചടി പ്രകടമായിരുന്നു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ വെളളാപ്പളളി ശ്രമിച്ചു. പിണറായി വിജയന് മറുപടി നല്കാത്തതുകൊണ്ട് മറ്റ് നേതാക്കളും മൗനം പാലിച്ചു. വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തതിലും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ വീടുമായുളള അടുപ്പമാണ് പത്മകുമാറിനെ സംരക്ഷിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാന്‍ പ്രധാന കാരണമായത് ശബരിമലയിലെ സ്വര്‍ണക്കൊളളയാണ്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി തോല്ക്കാന് കാരണം ഗണ്മാന്മാരുടെ മര്‍ദ്ദനമാണെന്നും വലിയ ശതമാനം സ്ത്രീ വോട്ടര്‍മാരും യുഡിഎഫിനെയാണ് പിന്തുണച്ചതെന്നും കമ്മിറ്റി വിലയിരുത്തി. വി എന്‍ വാസവനെതിരെയും എം ബി രാജേഷിനെതിരെയും വിമര്‍ശനം ഉണ്ടായി. ഇരുവരുടെയും ഓഫീസുകളില്‍ നിന്ന് പാര്‍ട്ടി അണികൾക്ക് പോലും സേവനം ലഭിച്ചില്ലെന്നും എം ബി രാജേഷിന്റെ ഓഫീസിലെത്തിയ ഏരിയാ സെക്രട്ടറിക്ക് ഒരു ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ടി വന്നു എന്നുമാണ് വിമര്‍ശനം. പാര്‍ട്ടി കോട്ടകളില്‍ പോലും വിളളലുണ്ടായെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വിലയിരുത്തി.
Content Highlights: 'tie up with Vellapally has tarnished the party's secularism': CPIM District Committee criticism