കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഇഴയുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിക്കാന്‍ ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ജൂണ്‍ ഇരുപതിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. സന്തോഷകരമല്ലാത്ത ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടവരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്, പ്രസിഡന്റ് എന്‍ സോമന്, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന് എന്നിവര്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയിലെടുത്ത കേസാണിത്. കേസില്‍ അന്വേഷണം വൈകുന്നതില്‍ കോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മെയ് ഇരുപതിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി അന്ന് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിക്കവെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. എന്തൊക്കെയോ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നതായി തോന്നുന്നില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. 'മൈക്രോഫിനാന്‍സ് കേസും ശബരിമല കേസും അന്വേഷിക്കുന്നത് ഒരേ ഉദ്യോഗസ്ഥനാണ്. രണ്ടിലും ഒന്നും നടക്കുന്നില്ല എന്നതാണ് സത്യം. ഈ കേസ് ഇങ്ങനെ പോകുന്നതിന് കാരണം എന്താണെന്ന് നാട്ടുകാര്‍ക്കറിയാം. പ്രതിയുടെ പേര് കാണുമ്പോള്‍ തന്നെ അത് ബോധ്യമാകും. കോടതി ഒന്നും പറയേണ്ടതില്ല. കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് പറയുന്നില്ല' എന്നാണ് കോടതി പറഞ്ഞത്. ഒരുമാസം വേണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെടുന്നതെന്നും ജൂണ്‍ 20 വരെ സമയം അനുവദിക്കുകയാണെന്നും അന്ത്യശാസനയോടെ കോടതി പറഞ്ഞു.
Content Highlights: SNDP Micro Finance Fraud; High Court criticizes investigating officer for delaying investigation