പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: കോടതിക്ക് പുറത്ത് സമവായം ഉണ്ടാക്കാൻ ശ്രമിക്കും: വി പി സജീന്ദ്രൻ എംഎൽഎ

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സജീന്ദ്രൻ എംഎൽഎ

കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി നിയുക്ത എംഎൽഎ വി പി സജീന്ദ്രൻ. കോളനിയിലെ കുടിയൊഴിപ്പിക്കൽ വിഷയം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഉടനടി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വി പി സജീന്ദ്രൻ പറഞ്ഞു.

കോടതിക്ക് പുറത്ത് സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും സജീന്ദ്രൻ പറഞ്ഞു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പൊലീസ് നടപടി അവസാനിപ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും. വഴിവിട്ട് പൊലീസ് പെരുമാറിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും വി പി സജീന്ദ്രൻ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അതികൃതർ എത്തിയത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്.

Content Highlights:Pariyath Kavu eviction: 'Will try to reach a consensus outside the court' V P.Sajeendran

To advertise here,contact us