തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടി 'മല എലിയെ പ്രസവിച്ചത് പോലെ' ആയിപ്പോയെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മാസങ്ങളോളം സമരം നടന്നതെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
'വി ഡി സതീശന് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3,000 രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുളളില്‍ രണ്ടുതവണയായി രണ്ടായിരം രൂപയുടെ വര്‍ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതുസര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നതാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3,000 രൂപയുടെ ആകെ വര്‍ധനവ് ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. അങ്കണവാടി, പ്രീ പ്രൈമറി, സ്കൂള്‍ പാചക തൊഴിലാളി, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനൊപ്പം ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്ധിപ്പിച്ചുനല്കി' കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ ആയിരം രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9,000 രൂപയായി വര്‍ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ധനവാണ് ഈ കാലയളവില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. വി എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം കേരളം മറന്നിട്ടില്ല. അഞ്ചുവര്‍ഷത്തെ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ധനവ് മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാര്‍ത്ഥ്യം എന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Content Highlights: KN Balagopal Criticise UDF Govt hike ASHA workers' honorarium into 3000