'VDS നയിക്കും'; കെ സിയുടെ വിശ്വസ്തൻ എ പി അനിൽകുമാറിന്റെ മണ്ഡലത്തിൽ ഫ്ലക്‌സ്, വാർത്തയ്ക്ക് പിന്നാലെ മാറ്റി

വണ്ടൂര്‍ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്

വണ്ടൂര്‍: കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ്. റിപ്പോർട്ടർ വാര്‍ത്തയ്ക്ക് പിന്നാലെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ആരാണ് നശിപ്പിച്ചതെന്ന് വ്യക്തമല്ല.

'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍', എന്ന വാചകങ്ങളാണ് ഫ്ലക്‌സില്‍ ഉണ്ടായിരുന്നത്. വണ്ടൂര്‍ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഇന്നലെ തവനൂരിലും വി ഡി സതീശനെ പിന്തുണച്ച് ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു.

എന്നാൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

Content Highlights: Flex Board supports VD Satheesan for the post of Chief Minister at vandoor

To advertise here,contact us