ബിജെപിയുടെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്

അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.

സംഘർഘം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയ്ക്കെതിരെ ആദ്യം കേസെടുത്തിരുന്നില്ല. പിന്നാലെ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണവുമായി വി കെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു. . ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്ത പൊലീസ് നിലപാട് പുനഃപരിശോധിക്കണം എന്നും വി കെ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. മാർച്ചിനിടെ പൊലീസിനെതിരേ വിളിച്ച ‘‘പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന് ശ്രീലേഖ മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു.

പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നാണ് പ്രതിചേർത്ത നടപടിയോട് ആർ ശ്രീലേഖയുടെ പ്രതികരണം.

വട്ടിയൂർകാവിലെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നാണ് ഐപിഎസ് അസോസിയേഷനിലെ ചോദ്യം. സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡിജിപി ടിപി സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡിജിപിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധമുണ്ട്.

അതേസമയം, പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ചതിൽ ന്യായീകരണവുമായി ആർ ശ്രീലേഖ രം​ഗത്തെത്തിയിരുന്നു. താൻ പൊലീസിലിരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്‌ഥരെ 'പോടാ പുല്ലേ' എന്ന് പലപ്പോഴും മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്നാണ്സ ആർ ശ്രീലേഖ പറഞ്ഞത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ശ്രീലേഖ പ്രതികരിച്ചത്.

Content Highlights:Police have registered a case against former DGP and BJP state vice president R Sreelekha

To advertise here,contact us