മൂന്നാര്‍: കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് കളക്ടര്‍ ദിനേശന് ചെറുവാട്ട് പറഞ്ഞു. യു വി ഇന്‍ഡക്സ് എട്ടില്‍ എത്തിയതായി കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില് കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കാന് ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
എന്താണ് യുവി ഇന്‍ഡക്സ്
അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യു വി ഇന്‍ഡക്സ്. പൂജ്യം മുതല്‍ പതിനൊന്നിന് മുകളിലേക്കാണ് ഇത് രേഖപ്പെടുത്തുന്നത്. അള്‍ട്രാവയലറ്റ് സൂചിക പൂജ്യം മുതല്‍ അഞ്ച് വരെ മനുഷ്യന് ഹാനികരമല്ലാത്ത അളവാണ്. ഇത് ആറ് മുതല്‍ ഏഴ് വരെ എത്തുമ്പോള്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കും. എട്ട് മുതല്‍ പത്ത് വരെ എത്തുമ്പോള്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്നിന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക.
യുവിഎ, യുവിബി, യുവിസി എന്നിങ്ങനെ യു വി ലൈറ്റിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. 315 മുതല്‍ 399 നാനോമീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ള രശ്മികളാണ് യുവിഎ. 280 മുതല്‍ 314 നാനോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളതാണ് യുവിബി കിരണങ്ങള്‍. സണ്‍ബേണ്‍, സണ്‍ടാന്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നത് യുവിബി കിരണങ്ങളാണ്. 100 മുതല്‍ 279 നാനോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളവയാണ് യുവിസി കിരണങ്ങള്‍. ഓസോണ്‍ പാളിയും വായുമണ്ഡലങ്ങളും കടന്ന് ഭൂമിയിലെത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മ്മിക്കാന്‍ സഹാകരമാണെങ്കിലും അധികമായാല്‍ മാരകമാകും.
അവലോകനയോഗം ചേര്‍ന്നു
സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊതുവിടങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഉറപ്പാക്കണമെന്നും ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അങ്കണവാടികളിലും സ്കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കടുത്ത വേനലിനെ പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും യോഗം എടുത്ത പ്രധാന തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്:
*പൊതു ഇടങ്ങളിലെ സൗകര്യങ്ങള്‍: പ്രധാന മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നീ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒ ആര് എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. മാര്‍ക്കറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക തണല്‍ പന്തലുകള്‍ സ്ഥാപിക്കണം. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വീസ്, ട്രേഡ് യൂണിയന്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിതമായ പ്രവര്‍ത്തനം നടത്തണം.
* ഗതാഗത നിയന്ത്രണം: സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
*പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ പൊതു പരിപാടികള്‍, സെലക്ഷന് ട്രയലുകള്‍, പകല്‍പ്പൂരങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തും.
*ജനകീയ തണ്ണീര്‍ പന്തലുകള്‍: വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും, ഓട്ടോ ടാക്സി സ്റ്റാന്റുകളിലും തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സൗജന്യമായി തണ്ണീര്‍ പന്തല്‍ ഒരുക്കുന്നുണ്ട്. കുടിവെള്ളം, സാധ്യമാണെങ്കില്‍ സംഭാരം, തണ്ണിമത്തന് തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാന്‍ ശ്രമിക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സര്‍വ്വീസ്, സന്നദ്ധ, ട്രേഡ് യൂണിയന് സംഘടനകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് പരമാവധി സ്ഥലങ്ങളില്‍ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം.
*ജലലഭ്യത ഉറപ്പാക്കല്‍: കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ വാട്ടര്‍ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാമ്പയ്ന് സംഘടിപ്പിക്കണം. വരള്‍ച്ച വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ ജല ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കണം. അടിയന്തര നടപടികള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കും.
*കാലാവസ്ഥാ നിരീക്ഷണവും സാക്ഷരതയും: മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. താപനില, മഴ, ആര്‍ദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിക്കാനും പ്രാദേശികമായി അത് പ്രദര്‍ശിപ്പിക്കാനും അതുവഴി കാലാവസ്ഥാ സാക്ഷരത സൃഷ്ടിക്കാനുമാവണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും.
*ദുരന്ത നിവാരണ നടപടികള്‍: ആദ്യഘട്ടത്തില്‍ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് മുന്‍കൈ എടുക്കണം. മഴ മാപിനികള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ ദുരന്ത നിവാരണ അതോറിറ്റി ഈ മണ്‍സൂണിന് മുന്നേ പൂര്‍ത്തീകരിക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ 'കവചം' സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണ് എന്ന് നിരന്തരം ഉറപ്പാക്കണം.
*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: സ്കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ മാപിനികളുടെ പ്രവര്‍ത്തനം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള സാധാരണ വെതര്‍ സ്റ്റേഷനുകളില്‍ നിരന്തരമായ പരിപാലനവും വിവരശേഖരണവും ഉറപ്പ് വരുത്തണം. അതോടൊപ്പം ദുരന്ത സാധ്യത കൂടിയ ഇടങ്ങളില്‍ ഓട്ടോമാറ്റിക് മാപിനികള്‍ കൂടി സ്ഥാപിച്ചു കൊണ്ടുമുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കൈയെടുക്കണം.
*ആരോഗ്യ സംവിധാനങ്ങള്‍: തിരഞ്ഞെടുത്ത ആശുപത്രികളില്‍ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് & ബേണ്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം.
*അങ്കണവാടികള്‍: സംസ്ഥാനത്തെ മുഴുവന്‍ അംഗന്‍വാടികളും താപ പ്രതിരോധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റും. കൂള്‍ റൂഫ്, വെന്റിലേഷന് തുടങ്ങിയവ ഉറപ്പ് വരുത്തി കൊണ്ടാവും ഇത് ചെയ്യുക. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി വനിതാശിശുക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.
*പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍: വരും വര്‍ഷങ്ങളിലും ചൂട് വര്‍ദ്ധിക്കുമെന്നുള്ള പ്രവചനങ്ങള്‍ ഗൗരവമായി കണ്ട് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള ദീര്‍ഘകാല പദ്ധതികള്‍ ഓരോ പ്രദേശത്തെയും ദുരന്ത സാധ്യത ലഘൂകരിക്കുന്നതിന് വേണ്ടി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഇതിനായി സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില്‍ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.
*വൈദ്യുതി വിതരണം: വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാന്‍ കെഎസ്ഇബി പരമാവധി ശ്രമിക്കണം. വരും വര്‍ഷങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിന്റെയും സംസ്ഥാനത്ത് എയര്‍കണ്ടീഷണറുകളുടെ ഉപയോഗം വലിയ തോതില്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടുള്ള ആസൂത്രണം നടത്തണം. ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങളെയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനുകള്‍ നടത്തണം.
*വന്യജീവി ജാഗ്രത: ചൂട് അധികമായതു കാരണം ഇഴജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകള്‍ കയറാതിരിക്കാന്‍ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാല്‍ സമയോചിതമായ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിവെനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. സ്നേക്ക് റെസ്ക്യൂവേഴ്സിന്റെ സേവനം വനം വകുപ്പ് നല്ലരീതിയില്‍ ഉറപ്പുവരുത്തണം.
*അമീബിക് മസ്തിഷ്ക്കജ്വര ജാഗ്രത: വേനല്‍കാലത്ത് അമീബിക് മസ്തിഷ്ക്കജ്വരം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ജലസംഭരണികള്‍ വൃത്തിയാക്കുക, മാലിന്യം ഒഴുകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
*മെസേജ് സംവിധാനം: ദുരന്ത നിവാരണ അതോറിറ്റി ഐ.കെ.എമ്മുമായി സഹകരിച്ച് പ്രദേശങ്ങളിലെ താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങള്‍ക്ക് മെസേജ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.അത്യാവശ്യ ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
Content Highlights- District collector has warned that the situation in Munnar has become dangerous due to intense heat.