കൊച്ചി: തനിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ദേശാഭിമാനിയുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥ് സുഹൃത്താണെന്ന് സ്വരാജ് പറയുന്ന തരത്തിലുള്ള കാര്‍ഡുകളാണ് ദേശാഭിമാനിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. 'പ്രതീഷ് വിശ്വനാഥ് തന്നെ കാണാന്‍ വന്നത് സൗഹൃദത്തിന്റെ പേരില്‍, അത് വിവാദമാക്കേണ്ട കാര്യമില്ല' എന്ന ദേശാഭിമാനിയുടെ വ്യാജ കാര്‍ഡുകളാണ് പ്രചരിപ്പിക്കുന്നത്.
ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ സ്വരാജ് പ്രതികരിച്ചിരിക്കുന്നത്. വര്‍ഗീയത പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികള്‍ അവലംബിക്കുന്നത് പുതിയ കാര്യമല്ലെന്ന് എം സ്വരാജ് പറഞ്ഞു. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വര്‍ഷവും എല്ലാ വിഭാഗംവര്ഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കുറച്ചു നാളായി എന്നെ ഹിന്ദുവര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ ജമാഅത്ത് കേന്ദ്രങ്ങളും ലീഗിലെ ജമാഅത്ത് വിഭാഗവും ഓവര്‍ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് എന്നെ മുസ്ലിം വര്‍ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവര്‍ഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതില്‍ സന്തോഷമേയുള്ളു', എം സ്വരാജ് പറഞ്ഞു.
ഒരു വര്‍ഗ്ഗീയവാദി എന്നെ സന്ദര്‍ശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും താന്‍ പറഞ്ഞതായി തന്റെ ചിത്രം വെച്ച് 'ദേശാഭിമാനി'യുടെ പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം ചേര്‍ക്കാത്ത ഇത്തരം കള്ളങ്ങളാണ് വര്‍ഗീയവാദികളുടെ ആയുധമെന്നും ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ വഴി മാത്രമല്ല ലീഗിലെ ജമാഅത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കൂട്ടത്തില്‍ പഞ്ചായത്ത് മെമ്പറും മീഡിയാവണ്‍ അക്കാദമിയില്‍ നിന്നുള്ള ആളെന്ന് പ്രൊഫൈലില്‍ വെളിപ്പെടുത്തിയ ആളും വെല്‍ഫെയര്‍ പാര്‍ട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളില്‍ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തില്‍ മുന്നിലുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ സംഘപരിവാരത്തിന്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. 'ദേശാഭിമാനി'യുടെ പേരില്‍ നിരവധി വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടര്‍ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും', എം സ്വരാജ് വ്യക്തമാക്കി.
Content Highlights: CPIM leader M Swaraj says he will take legal action against false propaganda against him